Kerala News
വീട്ടു ജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം; ഫ്‌ളാറ്റുടമ ഇംത്യാസ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 29, 01:22 pm
Tuesday, 29th December 2020, 6:52 pm

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ വീട്ടു ജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമ ഇംത്യാസ് അറസ്റ്റില്‍.
അന്യായമായി ജോലിക്കാരിയെ തടഞ്ഞുവെച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.

പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവില്‍ ആയിരുന്ന ഇംത്യാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

സ്ത്രീ മരിച്ചതിന് പിന്നാലെ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്ത്, അന്യായമായി യുവതിയെ വീട്ടു തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തി അടിമ വേല ചെയ്യിപ്പക്കല്‍ തുടങ്ങിയവയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഫ്ളാറ്റുടമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു.

ഫ്‌ളാറ്റ് ഉടമയായ അഡ്വ. ഇംതിയാസ് അഹമ്മദിന്റെ കുടുംബം തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. കേസില്‍ നിന്നും പിന്മാറാനായി പണം വാഗ്ദാനം ചെയ്‌തെന്നും ശ്രീനിവാസന്‍ പറഞ്ഞു.

വീട്ടിലെത്തിയവര്‍ പല പേപ്പറുകളിലും ബലമായി വിരലടയാളവും ഒപ്പും പതിപ്പിച്ചുവെന്നും ശ്രീനിവാസന്‍ പറയുന്നു. കാഴ്ചാ പരിമിതിയുള്ളതിനാല്‍ ആ പേപ്പറുകളില്‍ എന്താണെന്ന് പോലും അറിയാനായില്ലെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 13നാണ് ഫ്‌ളാറ്റില്‍ നിന്നും വീണ് സേലം സ്വദേശി കുമാരി മരിച്ചത്. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് അര്‍ധരാത്രി സാരിയില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിച്ചതിനിടിയിലായിരുന്നു കുമാരി വീണ് മരിച്ചത്.

കുമാരിയെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന ഭര്‍ത്താവ് ശ്രീനിവാസന്റെ പരാതിയില്‍ ഫ്‌ളാറ്റ് ഉടമ ഇംതിയാസിനെതിരെ കേസെടുത്തിരുന്നു.

കുമാരിയുടെ മരണത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസും അഡ്വ. ഇംതിയാസും ഒത്തുകളിക്കുകയാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. ആശുപത്രികളും ഇതിന് കൂട്ടുനില്‍ക്കുയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കുമാരി കൊവിഡ് പോസിറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ടുകളും തുടര്‍ന്ന് ധൃതിപ്പിടിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ഈ കള്ളക്കളിയുടെ സൂചനകളാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നും വളരെ മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Imthiyas the owner of the flat who arrested by police