ഇസ്ലാമാബാദ്: ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. കശ്മീര്‍ വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്നും മൂന്നാമതൊരു രാജ്യം വിഷയത്തില്‍ ഇടപെടേണ്ടിതില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഇമ്രാന്‍ഖാന്റെ പ്രതികരണം. കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കുന്നത് തുടരുമെന്നും ഇമ്രാന്‍ഖാന്‍ പ്രതികരിച്ചു.
‘കശ്മീരിലെ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു, ഞങ്ങള്‍ ലോക നേതാക്കളുമായും എംബസികളുമായും വിഷയം സംസാരിച്ചു. 1965 ന് ശേഷം ആദ്യമായി യു.എന്‍ കശ്മീര്‍ വിഷയത്തില്‍ ഒരു യോഗം ചേര്‍ന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍പോലും വിഷയം ചര്‍ച്ച ചെയ്തു.’ ഇമ്രാന്‍ഖാന്‍ പറഞ്ഞു.
സെപ്തംബര്‍ 27 ന് യു.എന്‍ പൊതുസഭയില്‍ താന്‍ സംസാരിക്കുമെന്നും കശ്മീര്‍ വിഷയം അവിടെ ഉന്നയിക്കുമെന്നും ആഴ്ച്ചയില്‍ ഒരു ദിവസം, അതായത് എല്ലാ വെള്ളിയാഴ്ച്ചയും പാകിസ്താനികള്‍ വീടിന് പുറത്തിറങ്ങി കശ്മീരികളോട് ഐക്യപ്പെടണമെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.
‘പ്രശ്‌നം യുദ്ധത്തിലേക്കെത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളുടെയും കൈവശം ആണവായുധമുണ്ടെന്നത് ഓര്‍ക്കുക. ആണവയുദ്ധത്തില്‍ ആരും വിജയിക്കുകയില്ല. ലോകത്തിലെ ആഗോളശക്തികള്‍ക്ക് കുറച്ച് ഉത്തരവാദിത്തങ്ങളുണ്ട്. അവര്‍ നമ്മളെ പിന്തുണച്ചില്ലെങ്കില്‍ പാകിസ്താന്‍ ഏതറ്റം വരെയും പോകുമെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.