| Tuesday, 16th August 2022, 8:40 pm

ഇങ്ങ് ഫുട്‌ബോള്‍ ടീമുകള്‍ക്കിടയില്‍ പുല്ല് വിലയാണെങ്കിലും അങ്ങ് ക്രിക്കറ്റില്‍ റൊണാള്‍ഡോയ്ക്ക് പൊന്നും വിലയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എണ്ണമറ്റ ഗോളുകള്‍ കൊണ്ടും മാസ്മരികമായ മെയ്‌വഴക്കം കൊണ്ടും ക്രിസ്റ്റിയാനോയ്ക്ക് തുല്യനായുള്ളത് അദ്ദേഹം മാത്രമാണ്.

എന്നാല്‍ കുറച്ചുനാളുകളായി ഫുട്‌ബോള്‍ ലോകത്ത് ക്രിസ്റ്റിയാനോയ്ക്ക് അത്രകണ്ട് നല്ല കാലമല്ല. ഏറെ പ്രതീക്ഷയോടെ തന്റെ പഴയ കളിത്തട്ടകമായ മാഞ്ചസ്റ്ററിലേക്ക് ചുവടുമാറ്റിയ റൊണാള്‍ഡോക്ക് തന്റെ പേരിനോടും പെരുമയോടും നീതി പുലര്‍ത്താനൊക്കുന്ന പ്രകടനമൊന്നും തന്നെ കാഴ്ചവെക്കാനും സാധിച്ചിട്ടില്ലായിരുന്നു.

യു.സി.എല്‍ കളിക്കണമെന്ന മോഹവുമായി മാഞ്ചസ്റ്റര്‍ വിടാനൊരുങ്ങിയ ക്രിസ്റ്റിയാനോയെ ടീമിലെത്തിക്കാന്‍ ഒരാള്‍ പോലും തയ്യാറായില്ല. അദ്ദേഹത്തിന്റെ മാനേജര്‍ പല ടീമുകളെയും സമീപിച്ചെങ്കിലും അവര്‍ക്കൊന്നും റൊണാള്‍ഡോയില്‍ ഒരു താത്പര്യവുമുണ്ടായിരുന്നില്ല. ക്രിസ്റ്റിയാനോ നോട്ട് വെല്‍ക്കം എന്നെഴുതിയ ബാനര്‍ പോലും ആരാധകര്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.

ഇതോടെ ഫുട്‌ബോളിലെ രാജാവ് ട്രോളന്‍മാരുടെ ഇരയാവുകയായിരുന്നു.

ഇപ്പോഴിതാ, റൊണോയും അദ്ദേഹത്തിന്റെ ഐക്കോണിക് സെലിബ്രേഷനും വീണ്ടും ചര്‍ച്ചയാവുകയാണ്. ഫുട്‌ബോളിലല്ല, ക്രിക്കറ്റിലാണ് താരത്തിന്റെ ആഘോഷം വീണ്ടും ചര്‍ച്ചയാവുന്നത്.

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ഇമ്രാന്‍ താഹിറാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോളറായ റൊണാള്‍ഡോയുടെ ക്ലാസിക് വിക്ടറി സെലിബ്രേഷനിലൂടെ തന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

തന്റെ ഐക്കോണിക് ഓട്ടത്തിലൂടെ വിക്കറ്റ് നേട്ടം ആഘോഷിക്കാറുള്ള താഹിര്‍, റൊണാള്‍ഡോയെ പോലെ കുതിച്ചു ചാടിയാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ദി ഹണ്‍ഡ്രഡ് ക്രിക്കറ്റ് ലീഗിലെ ബെര്‍മിങ്ഹാം ഫീനിക്‌സും ട്രെന്റ് റോക്കറ്റ്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ഇമ്രാന്‍ താഹിര്‍ ഈ രീതിയില്‍ വിക്കറ്റ് ആഘോഷിച്ചത്.

റോക്കറ്റ്‌സ് താരം ഡേവിഡ് മലനെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഇമ്രാന്‍ ഒരു നിമിഷം റോണാള്‍ഡോ ആയത്.

താഹിറിന്റെ ഓവര്‍ പിച്ച്ഡ് ഗൂഗ്ലി മിസ് ജഡ്ജ് ചെയ്ത മലന്‍ ലെഗ് സൈഡിലേക്ക് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫീനിക്‌സ് താരം ഹെന്റി ഹ്രൂക്‌സിന്റെ കൈകളില്‍ പന്തെത്തിയതോടെ മലന്‍ പുറത്താവുകയായിരുന്നു. ഇതോടെയാണ് ദി ഹണ്‍ഡ്രഡ് കണ്ട മോസ്റ്റ് സ്‌പെഷ്യല്‍ വിക്കറ്റ് സെലിബ്രേഷന്‍ പിറന്നത്.

അതേസമയം, ഫീനിക്‌സ് മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഫീനിക്‌സ് എതിരാളികളെ 145 റണ്‍സില്‍ ഒതുക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫീനിക്‌സ് ക്യാപ്റ്റന്‍ മോയിന്‍ അലിയുടെയും ലിയാം ലിവിങ്‌സ്റ്റണിന്റെയും വെടിക്കെട്ടില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Imran Thahir Celebrates like Cristiano Ronaldo

We use cookies to give you the best possible experience. Learn more