കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി ഗയാന ആമസോണ്‍ വാറിയേഴ്‌സ് കിരീടം ചൂടിയിരുന്നു. കഴിഞ്ഞ ദിവസം പ്രൊവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഗയാന മുന്‍ ചാമ്പ്യന്‍മാരെ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ ടോസ് നേടിയ ഗയാന എതിരാളികളെ 94 റണ്‍സിന് ഓള്‍ ഔട്ടാക്കുകയും 36 പന്തും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ വിജയം കണ്ടെത്തുകയുമായിരുന്നു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ന്‍ പ്രിട്ടോറിയസും നാല് ഓവറില്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയ ഗുഡാകേഷ് മോട്ടിയും ക്യാപ്റ്റന്‍ ഇമ്രാന്‍ താഹിറുമാണ് ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തെറിഞ്ഞത്.
മത്സരത്തിന് പിന്നാലെ ക്യാപ്റ്റന്‍ ഇമ്രാന്‍ താഹിറുമായി നടത്തിയ അഭിമുഖം വൈറലാവുകയാണ്. 44ാം വയസില്‍ താന്‍ ഒരു ടീമിന്റെ ക്യാപ്റ്റനായപ്പോള്‍ പലരും പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ അടക്കമുള്ള പലരുടെയും പിന്തുണ കൊണ്ടാണ് കിരീടം നേടിയതെന്നും താഹിര്‍ പറഞ്ഞു.
‘ഇത് ഏറെ മനോഹരമായിരുന്നു. മികച്ച ഒരു ഫ്രാഞ്ചൈസിക്കൊപ്പം കളിക്കുന്നത് വളരെ മികച്ച ഒരു അനുഭവമായിരുന്നു. ഞാന്‍ ക്യാപ്റ്റനായതിന് പിന്നാലെ എല്ലാവരും കളിയാക്കിയിരുന്നു. എന്നാല്‍ അതാണ് എനിക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനമായത്. അവരോടെല്ലാം നന്ദി പറയാന്‍ ഞാന്‍ ആഗ്രിക്കുകയാണ്.
ഞങ്ങളുടെ അനലിസ്റ്റായ പ്രസന്നയോടും എനിക്ക് നന്ദി പറയണം. ഒരു ദിവസം 20 മണിക്കൂറോളമെടുത്താണ് അദ്ദേഹം ഞങ്ങള്‍ക്കായുള്ള പ്ലാനുകള്‍ തയ്യാറാക്കിയത്. ഇന്ത്യയിലുള്ള അശ്വിനോടും എനിക്ക് നന്ദി പറയണം. ടൂര്‍ണമെന്റിന് മുമ്പ് നമ്മളുടെ ടീം ഇത് നേടുമെന്ന് അവന്‍ പറഞ്ഞിരുന്നു,’ താഹിര്‍ പറഞ്ഞു.
ഇതാദ്യമായാണ് ആമസോണ്‍ ഗയാന വാറിയേഴ്‌സ് കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടുന്നത്. ഇതിന് മുമ്പ് അഞ്ച് തവണ ഫൈനലില്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ച ശേഷമാണ് വാറിയേഴ്സ് സി.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്നത്. 2013ലും 2016ലും ജമൈക്ക താലവാസിനോട് തോറ്റപ്പോള്‍ 2014ലും 2019ലും ബാര്‍ബഡോസ് ട്രൈഡന്റ്സായിരുന്നു പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചത്.
ഇതിന് പുറമെ 2018ല്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്സും ഗയാനയെ കലാശപ്പോരാട്ടത്തില്‍ കരയിച്ചു. ഇപ്പോള്‍ അതേ ട്രിബാംഗോയെ തോല്‍പിച്ച് കപ്പുയര്‍ത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ടീമിനെ കന്നിക്കിരീടം ചൂടിച്ച താഹിറിനെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡുമെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ കിരീടം ചൂടുന്ന പ്രായമേറിയ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് താഹിര്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ 2023ന് പിന്നാലെ എം.എസ്. ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് താഹിര്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്.
Content highlight: Imran Tahir thanks R Ashwin after winning the CPL trophy