| Tuesday, 26th September 2023, 8:10 am

ഒന്നാം സ്ഥാനത്തിരുത്തിയത് വെറും നാല് മാസം; റെക്കോഡില്‍ ധോണിയെ കടത്തിവെട്ടി ഇമ്രാന്‍ താഹിര്‍; വല്ലാത്തൊരു ക്യാപ്റ്റന്‍ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

കരിബീയന്‍ പ്രീമിയര്‍ ലീഗിന്റെ 2023 എഡിഷന്‍ ചാമ്പ്യന്‍മാരായി ഗയാന ആമസോണ്‍ വാറിയേഴ്‌സ്. കഴിഞ്ഞ ദിവസം പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തുവിട്ടാണ് വാറിയേഴ്‌സ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഗയാന എതിരാളികളെ വെറും 94 റണ്‍സിന് എറിഞ്ഞിട്ടു. ഗയാനയുടെ പേസും സ്പിന്നും ഒത്തിണങ്ങിയ ബൗളിങ് നിരയ്ക്ക് മുമ്പില്‍ നിക്കോളാസ് പൂരന്‍ അടക്കമുള്ള ലോകോത്തര ബാറ്റര്‍മാര്‍ക്ക് അടി പതറി.

കെയിസ് കാര്‍ട്ടി മാത്രമാണ് ഗയാന ബൗളിങ് നിരയ്ക്ക് മുമ്പില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. 45 പന്തില്‍ നിന്നും ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമായി 38 റണ്‍സാണ് താരം നേടിയത്. കാര്‍ട്ടിക്ക് പുറമെ ചാഡ്വിക് വാള്‍ട്ടണ്‍ (11 പന്തില്‍ 10), മാര്‍ക് ദയാല്‍ (ഒമ്പത് പന്തില്‍ 16) എന്നിവര്‍ മാത്രമാണ്
ട്രിബാംഗോ നിരയില്‍ രണ്ടക്കം കണ്ടത്.

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുതെറിഞ്ഞ ഡ്വെയ്ന്‍ പ്രിട്ടോറിയസാണ് ട്രിബാംഗോ നിരയെ മുന്നില്‍ നിന്നും ആക്രമിച്ചത്. ഒരു മെയ്ഡന്‍ അടക്കം നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഗുഡാകേഷ് മോട്ടിയും നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ഇമ്രാന്‍ താഹിറും ട്രിബാംഗോ ബാറ്റിങ്ങിനെ പിടിച്ചുലച്ചു.

റൊമാരിയോ ഷെപ്പേര്‍ഡ്, റോണ്‍സ്‌ഫോര്‍ഡ് ബീറ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രിബാംഗോ നിര പൂര്‍ണമായും തകര്‍ന്നടിഞ്ഞു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗയാന അനായാസം വിജയം സ്വന്തമാക്കി. സിയാം അയ്യൂബിന്റെ അര്‍ധ സെഞ്ച്വറിയുടെയും (41 പന്തില്‍ 52) ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെയും (32 പന്തില്‍ 32) ബലത്തില്‍ ഗയാന 36 പന്ത് ബാക്കി നില്‍ക്കെ വിജയം കൈപ്പിടിയിലാക്കി.

ഡ്വെയ്ന്‍ പ്രിട്ടോറിയസിനെ ഫൈനലിന്റെ താരമായി തെരഞ്ഞെടുത്തപ്പോള്‍ ഷായ് ഹോപ്പാണ് ടൂര്‍ണമെന്റിന്റെ താരമായത്.

ആമസോണ്‍ ഗയാന വാറിയേഴ്‌സിനെ ആദ്യ സി.പി.എല്‍ കിരീടം ചൂടിച്ച താഹിറിനെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡുമെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ കിരീടം ചൂടുന്ന പ്രായമേറിയ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് താഹിര്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ 2023ന് പിന്നാലെ എം.എസ്. ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് താഹിര്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ അഞ്ചാം ഐ.പി.എല്‍ കിരീടത്തിലേക്ക് നയിക്കുമ്പോള്‍ 41 വയസും 325 ദിവസവുമായിരുന്നു ധോണിയുടെ പ്രായം.

ടി-20 ഫോര്‍മാറ്റില്‍ കിരീടം നേടിയ ഏറ്റവും പ്രായമേറിയ ക്യാപ്റ്റന്‍മാര്‍

(താരം – ടി-20 ലീഗ് – ടീം – കിരീടം നേടിയപ്പോഴുള്ള പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍)

1. ഇമ്രാന്‍ താഹിര്‍ – കരീബിയന്‍ പ്രീമിയര്‍ ലീഗ് – ഗയാന ആമസോണ്‍ വാറിയേഴ്‌സ് – 44 വയസും 181 ദിവസവും – CPL 2023

2. എം.എസ്. ധോണി – ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 41 വയസും 325 ദിവസവും – IPL 2023

3. മിസ്ബ ഉള്‍ ഹഖ് – പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് – ഇസ്‌ലമാബാദ് യുണൈറ്റഡ് – 41 വയസും 271 ദിവസവും – PSL 2016

ഇതിന് മുമ്പ് അഞ്ച് തവണ ഫൈനലിലെത്തിയതിന് ശേഷം ഇതാദ്യമായാണ് ആമസോണ്‍ വാറിയേഴ്‌സ് സി.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്നത്. 2013ലും 2016ലും ജമൈക്ക താലവാസിനോട് തോറ്റപ്പോള്‍ 2014ലും 2019ലും ബാര്‍ബഡോസ് ട്രൈഡന്റ്‌സായിരുന്നു പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചത്.

ഇതിന് പുറമെ 2018ല്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സും ഗയാനയെ കലാശപ്പോരാട്ടത്തില്‍ കരയിച്ചു. ഇപ്പോള്‍ അതേ ട്രിബാംഗോയെ തോല്‍പിച്ച് കപ്പുയര്‍ത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.

Content Highlight: Imran Tahir surpasses MS Dhoni to become the oldest captain to win a T20 tournament

We use cookies to give you the best possible experience. Learn more