മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനും പങ്കുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
World News
മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനും പങ്കുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
Administrator
Saturday, 8th December 2018, 9:19 pm

ഇസ്‌ലാബാദ്: 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക്കിസ്ഥാന്‍ മണ്ണില്‍ നിന്ന് തന്നെയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ചെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ ആക്രമണം നടത്തിയവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന പ്രസ്താവനയോടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ ആക്രമത്തിലൂടെ പാക്കിസ്ഥാന്‍ എന്തോ ലക്ഷ്യമിട്ടിരുന്നുവെന്ന് കൗശലപൂര്‍വം വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഇമ്രാന്‍പറഞ്ഞതായി ഡി.എന്‍.എ.റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ഹോക്കി ലോകകപ്പ്; അഞ്ചടിച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ സ്ഥിതി എന്താണെന്ന് അധികൃതരോട് ചോദിച്ചെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നതുമാണ് തന്റെ അഭിപ്രായമെന്ന് വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പ്രത്യേക കോടതിയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി വിചാരണ നേരിടുന്നുണ്ടെന്നും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ശിക്ഷാ നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സമാധാനത്തിന് ഇന്ത്യ മുന്നോട്ട് വെക്കുന്ന ചുവടിനൊപ്പം പാക്കിസ്ഥാന്‍ ഉണ്ടാകുമെന്നും ഇംറാന്‍ ഉറപ്പ് നല്‍കി.

ഭീകര പ്രവര്‍ത്തനവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും ഇംറാന്‍ വ്യക്തമാക്കി.