ന്യൂദല്‍ഹി: ഇന്ത്യ പാക് സംഘര്‍ഷം തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ ബി.ജെ.പിയെ സഹായിക്കുമെന്ന ബി.എസ്. യെദ്യൂരപ്പയുടെ പരാമര്‍ശത്തിനെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെഹ്‌രീക്കെ ഇന്‌സാഫ്. തെരഞ്ഞെടുപ്പ് ജയിക്കണമെന്ന അങ്ങേയറ്റത്തെ വെറിയില്‍ നിന്നും വരുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് പാര്‍ട്ടി തങ്ങളുടെ ട്വീറ്റില്‍ കുറിച്ചു.
നിലവില്‍ ബി.ജെ.പിക്ക് അനുകൂലമായാണ് കാറ്റു വീശുന്നതെന്നും, ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം മോദിക്ക് അനുകൂല തരംഗം സൃഷ്ടിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.
“നിങ്ങള്‍ യുദ്ധാഹ്വാനം നടത്തുകയായിരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടോ. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഏതറ്റം വരെയും പോകുന്നവരെ ഒറ്റപ്പെടുത്തണം. യുദ്ധം ഒരു രാജ്യത്തിന്റേയും താല്‍പര്യമല്ല. രാഷ്ട്രീയ നേട്ടത്തിനായി ഒരാളെപ്പോലും ഇത് ഉപയോഗിക്കാന്‍ സമ്മതിക്കരുത്”- യെദ്യൂരപ്പയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്തിന്റെ ട്വീറ്റ് പങ്കു വെച്ച് പാര്‍ട്ടി പറഞ്ഞു.
തെഹ്‌രീക്കെ ഇന്‍സാഫ് സ്വന്തം രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നായിരുന്നു ബര്‍ക്കാ ദത്തിന്റെ മറുപടി. എന്നാല്‍ “നിങ്ങളുടെ പ്രാദേശിക രാഷ്ട്രീയ നേട്ടത്തിനായുള്ള പരിശ്രമങ്ങള്‍ ഒരു പ്രദേശത്തെ യുദ്ധത്തിലേക്കാണ് നയിക്കുന്നത്, പാകിസ്ഥാനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമ്പോള്‍ ഇത് ഞങ്ങളുടെ കൂടെ തലവേദനയായി മാറുന്നു. ഞങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണ്. സംസാരത്തിലൂടെ മാത്രമേ പരിഹാരം കാണാന്‍ കഴിയു” എന്ന് പാര്‍ട്ടി മറ്റൊരു ട്വീറ്റില്‍ മറുപടി നല്‍കി.
യെദ്യൂരപ്പയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. യെദ്യൂരപ്പയുടെ പരാമര്‍ശത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വി.കെ സിങ്ങും പറഞ്ഞിരുന്നു.
അതേസമയം, തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു.
Image Credits: Aamir Qureshi/AFP