ആരൊക്കെയാണ് അതിന് പിന്നിലെന്ന് എനിക്കറിയാം; എന്നെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപദ്രവിച്ചാല്‍ ആ കാര്യങ്ങളെല്ലാം പുറത്തുവിടും: ഇമ്രാന്‍ ഖാന്‍
World News
ആരൊക്കെയാണ് അതിന് പിന്നിലെന്ന് എനിക്കറിയാം; എന്നെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപദ്രവിച്ചാല്‍ ആ കാര്യങ്ങളെല്ലാം പുറത്തുവിടും: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th July 2022, 11:55 am

ഇസ്‌ലാമാബാദ്: തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

തന്നെയും തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപദ്രവിക്കുകയാണെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പുറത്താക്കലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്ന് വ്യക്തമായി അറിയാമെന്നുമാണ് ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

”ഞങ്ങളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ എല്ലാം തുറന്ന് സംസാരിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടും. എന്തൊക്കെ സംഭവിച്ചു എന്ന കാര്യങ്ങള്‍ മുഴുവന്‍ രാജ്യത്തിന് മുന്നില്‍ തുറന്ന് കാണിക്കേണ്ടി വരും.

എങ്ങനെയാണ് ഈ ഗൂഢാലോചന നടന്നതെന്നും ആരൊക്കെയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും എനിക്ക് കൃത്യമായി അറിയാം,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

രാജ്യത്തെ ഓര്‍ത്താണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 17ന് പാകിസ്ഥാനിലെ പഞ്ചാബില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറയുന്നത്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫും (പി.ടി.ഐ) പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസും (പി.എം.എല്‍- എന്‍) തമ്മിലാണ് പഞ്ചാബില്‍ പോരാട്ടം നടക്കുന്നത്.

അതേസമയം, പുറത്താക്കലിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നെന്ന ഇമ്രാന്‍ ഖാന്റെ വാദത്തെ പി.എം.എല്‍- എന്‍ നേതാവും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടകമാണ് ഇമ്രാന്‍ ഖാന്‍ കളിക്കുന്നതെന്നായിരുന്നു മറിയം പറഞ്ഞത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടത്.

തന്നെ പുറത്താക്കിയതിന് പിന്നില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വിദേശ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി നേരത്തെ തന്നെ ഇമ്രാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയും ഇസ്രഈലും അടക്കമുള്ള രാജ്യങ്ങള്‍ തന്റെ പരാജയത്തെ ആഘോഷിക്കുകയാണെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ സമരം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ അമേരിക്കയുടെ ഉപദേശം മറികടന്ന് റഷ്യ സന്ദര്‍ശിച്ചതിനാണ് തന്നെ പുറത്താക്കാന്‍ യു.എസ് പിന്തുണ നല്‍കിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ ആരോപണങ്ങള്‍ പാകിസ്ഥാന്‍ സൈന്യവും അമേരിക്കയും തള്ളിയിരുന്നു.

Content Highlight: Imran Khan threatens to reveal details of conspiracy that led to his downfall