ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് സ്വന്തം രാജ്യത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും, അദ്ദേഹത്തെ ബാധിക്കാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ബോളിവുഡ് താരം നസ്‌റുദ്ദീന്‍ ഷാ. നസ്‌റുദ്ദീന്‍ ഷായുടെ, രാജ്യത്ത് കൂടി വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പ്രസ്താവന ഏറ്റു പിടിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷപങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഭരണം നടത്താമെന്ന് താന്‍ മോദിക്ക് കാണിച്ച് കൊടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
“ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ന്യൂനപക്ഷങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന് മോദിയ്ക്ക് കാണിച്ചു കൊടുക്കും. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേത്”- എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
Also Read ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദിയ്ക്ക് കാണിച്ചു കൊടുക്കും: ഇമ്രാന്‍ ഖാന്‍
എന്നാല്‍ ഇന്ത്യ കഴിഞ്ഞ എഴുപത് വര്‍ഷമായി ജനാധിപത്യ രാജ്യമാണെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് അറിയാമെന്നുമായിരുന്നു നസ്‌റുദ്ദീന് ഷായുടെ പ്രതികരണം. “ഞാന്‍ കരുതുന്നത് മിസ്റ്റര്‍ ഖാന്‍ അദ്ദേഹത്തെ ബാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്തെക്കുറിച്ച് സംസാരിക്കണമെന്നാണ്. നമ്മള്‍ കഴിഞ്ഞ എഴുപത് വര്‍ഷമായി ജനാധിപത്യരാജ്യമാണ്. ഇവിടത്തെ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മള്‍ക്കറിയാം”- നസ്‌റുദ്ദീന്‍ ഷാ സണ്‍ഡേ എക്‌സ്പ്രസിനോട് പറഞ്ഞു.
ബുലന്ദ്ശഹര്‍ കലാപത്തില്‍ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെക്കുറി്ച്ചുള്ള നസ്‌റുദ്ദീന്‍ ഷായുടെ പ്രസ്താവനയാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണത്തിന് അടിസ്ഥാനമായത്. രാജ്യത്ത് ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവനാണ് എന്നായിരുന്നു ഷായുടെ പ്രസ്താവന. ഇന്ത്യയിലാണ് തന്റെ കുട്ടികള്‍ വളര്‍ന്നുവരുന്നത് എന്നതില്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നസറുദ്ദീന്‍ ഷായുടെ പ്രസ്താവനകള്‍ക്കെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലെ നസ്‌റുദ്ദീന്‍ ഷായുടെ പരിപാടി റദ്ദാക്കിയിരുന്നു.