ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സൈനിക കോടതിയില്‍ വിചാരണ ചെയ്യണമെന്ന ആഭ്യന്തരമന്ത്രി റാണ സനാഉല്ല. അറസ്റ്റിലായതിന് പിന്നാലെ രാജ്യത്തുടനീളമുണ്ടായ അക്രമത്തില്‍ പങ്കുവഹിച്ചതിനാണ് വിചാരണ ചെയ്യണമെന്ന് റാണ ആവശ്യപ്പെട്ടത്.
മെയ് ഒന്‍പതിന് അറസ്റ്റിലായതിന് പിന്നാലെ രാജ്യത്താകെയുണ്ടായ പ്രതിഷേധത്തില്‍ സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഖാന്‍ ആസൂത്രണം ചെയ്തതായി റാണ സനാഉല്ല പറഞ്ഞു.
സൈനിക സ്ഥാപനത്തിനെ ലക്ഷ്യം വെച്ച് അദ്ദേഹം ആസൂത്രണം ചെയ്ത പദ്ധതി പിന്നീട് നടപ്പിലാക്കുകയായിരുന്നുവെന്ന് റാണ ഡോണ്‍ ന്യൂസിനോട് പറഞ്ഞു. അദ്ദേഹമാണ് എല്ലാം ചെയ്തതെന്നും എല്ലാതിന്റെയും സൂത്രധാരന്‍ ഖാന്‍ ആയിരുന്നെന്നും സാനഉല്ല കൂട്ടിച്ചേര്‍ത്തു.
‘തെളിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖാന്‍ ജയിലില്‍ പോകുന്നതിന് മുമ്പ് തന്നെ ഇവയെല്ലാം ആസൂത്രണം ചെയ്തിട്ടുണ്ട്. ആരാണ് ചെയ്യുക, എവിടെയാണ്, എന്താണ് ചെയ്യുക എന്നെല്ലാം ആദ്യമേ ആസൂത്രണം ചെയ്തതാണ്. അറസ്റ്റ് ചെയ്യുപ്പെടുമ്പോള്‍ എന്ത് തന്ത്രമാണ് ഉപയോഗിക്കേണ്ടത്. ഇതെല്ലാം തീരുമാനിച്ചിരുന്നു,’ സനാഉല്ല പറഞ്ഞു.
ഇസ്‌ലാമാബാദ് കോടതിയില്‍ ഖാനെ ഹാജരാക്കുന്നതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പേരെങ്കിലും മരിക്കുകയും 290 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലാഹോറിലെ കോര്‍പ്സ് കമാന്‍ഡറുടെ വസതിയും റാവല്‍പിണ്ടിയിലെ സൈനിക ജനറല്‍ ആസ്ഥാനവും ഉള്‍പ്പെടെയുള്ള സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെ പ്രതിഷേധക്കാരുടെ അക്രമമുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാരും സൈന്യവും അറിയിച്ചിട്ടുണ്ട്.
അതേസമയം, കരസേന നിയമപ്രകാരം ഖാനെ വിചാരണ ചെയ്യുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ഇത്തരം സാധ്യകള്‍ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മെയ് ഒന്‍പതിന് ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ്പിന്നാലെ ആളുകള്‍ തെരുവില്‍ പ്രതിഷേധിക്കുകയും കെട്ടിടത്തിന് തീയിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ നിന്ന് ഖാന്‍ മോചിതനായിരുന്നു. ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധം നടത്തിയ ആയിര കണക്കിന് തെഹ്‌രീഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
Contenthighlight: Imran khan should be tried in military court : RAna sanaullah