| Wednesday, 14th August 2019, 12:44 pm

സ്വയം നിര്‍ണയാവകാശത്തിനുള്ള പോരാട്ടത്തില്‍ കശ്മീര്‍ ജനതയ്ക്ക് രാഷ്ട്രീയവും ധാര്‍മ്മികവുമായ പിന്തുണ നല്‍കും: പാക് സ്വാതന്ത്ര്യദിനത്തില്‍ ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: സ്വയം നിര്‍ണയ അവകാശത്തിനുള്ള പോരാട്ടത്തില്‍ ജമ്മു കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്.

കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് അദ്ദേഹം സഭയില്‍ പ്രസംഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മുകശ്മീര്‍ ജനതയ്ക്ക് ധാര്‍മ്മികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 14നാണ് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം. അന്നേദിവസം ഇമ്രാന്‍ ഖാനും മറ്റു മന്ത്രിമാരും മുസാഫറാബാദിലേക്ക് പറക്കുമെന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ആഗസ്റ്റ് 14 അവിടെ സര്‍വ്വകക്ഷി സമ്മേളനം നടക്കുന്നുണ്ട്.

‘പാക് അധീന കശ്മീരിലേക്കുള്ള പാക് പ്രധാനമന്ത്രിയുടെ ഏകദിന യാത്ര ഹെലികോപ്ടറിലായിരിക്കും. അദ്ദേഹത്തിനൊപ്പം മന്ത്രിമാരുമുണ്ടാകും’ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞത്.

തിങ്കളാഴ്ച ഈദ് ദിനത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി മുസാഫറാബാദ് സന്ദര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more