| Thursday, 29th November 2018, 7:41 pm

തെരഞ്ഞെടുപ്പ് വരെ തങ്ങള്‍ കാത്തിരിക്കാം; സമാധാനത്തിനായി ഇന്ത്യ മുന്നോട്ടുവരണമെന്ന് ആവര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ മാത്രം നിലനില്‍ക്കില്ലെന്നും സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വരെ തങ്ങള്‍ കാത്തിരിക്കാം. പക്ഷെ അതിന് ശേഷം ഇന്ത്യ തീര്‍ച്ചയായും പ്രതികരിക്കണം. ഭൂതകാലത്തില്‍ തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : സിദ്ധുവിന് ഇന്ത്യയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ സ്‌നേഹവും ആദരവും പാകിസ്ഥാനില്‍ നിന്ന് കിട്ടുന്നുണ്ട്: കേന്ദ്രമന്ത്രി

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ താനുണ്ടാക്കിയതല്ല. അത് കാലങ്ങളായി നടന്ന് തന്നിലേക്ക് വന്നുചേര്‍ന്നതാണ്. ഭീകരവാദത്തിന് പാക് മണ്ണ് ഉപയോഗിക്കാതിരിക്കുക എന്നത് തങ്ങളുടെ താല്‍പര്യംകൂടിയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സഈദുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ഹാഫിസ് സഈദിനെതിരെ യുഎന്‍ ഉപരോധമുണ്ട്. അത് നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏക പ്രശ്നം കശ്മീര്‍ മാത്രമാണെന്നും സൈനിക നടപടിയിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടതെന്നും നേരത്തെ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more