ഇസ്‌ലാമാബാദ്: അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരായ ഉപരോധങ്ങള്‍ കടുപ്പിക്കുന്നതിനിടയിലും റഷ്യന്‍ അനുകൂല നിലപാട് ആവര്‍ത്തിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
പാകിസ്ഥാന്റെ ഭാവി റഷ്യയുമായി ബന്ധപ്പെട്ട് കിടക്കുന്നു, എന്നാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. ജര്‍മന്‍ ബ്രോഡ്കാസ്റ്റര്‍ ഡ്യൂട്‌ഷെ വെല്ലെക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് നേതാവ് കൂടിയായ ഖാന്‍.
അന്താരാഷ്ട്ര വേദികളില്‍ ധാര്‍മിക നിലപാട് എടുക്കുന്നത് നല്ലതാണെന്നും എന്നാല്‍ അത് സ്വന്തം രാജ്യത്തെ പൗരന്മാരെ ത്യജിക്കുന്ന തരത്തിലുള്ളതായിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണ, ഗ്യാസ്, ഗോതമ്പ് എന്നിവയുടെ ഇറക്കുമതിയിലൂടെ പാകിസ്ഥാന് റഷ്യയെ ഉപയോഗപ്പെടുത്താമെന്നും രാജ്യത്തെ ഒരു നേതാവെന്ന നിലയില്‍ 22 കോടി ജനങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
”ഗ്യാസ്, ഓയില്‍, ഗോതമ്പ് എന്നിവയുടെ കാര്യത്തില്‍ പാകിസ്ഥാന്റെ ഭാവി റഷ്യയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. 22 കോടി ജനങ്ങള്‍ക്ക് വേണ്ടി നമുക്ക് റഷ്യയില്‍ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്‌തേ മതിയാകൂ.
നിങ്ങള്‍ എപ്പോള്‍ ആളുകളെ വിമര്‍ശിക്കാനും അപലപിക്കാനും തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ഒരു പക്ഷം പിടിക്കുകയാണ്.
അന്താരാഷ്ട്ര വിഷയങ്ങളില്‍ ധാര്‍മിക നിലപാടെടുക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ, ആ നിലപാട് കാരണം നിങ്ങളുടെ രാജ്യത്തിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയാണെങ്കില്‍…
ഓരോ വിഷയങ്ങളിലും പക്ഷം പിടിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സമ്പന്നതയുടെയും ശക്തിയുടെ ആഢംബരമുണ്ടായിരിക്കണം,” ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പാക് മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.
ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനില്‍ ആക്രമണമാരംഭിച്ച സമയത്ത് മോസ്‌കോയില്‍ ഉണ്ടായിരുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ സംസാരിച്ചു.
യുദ്ധം തുടങ്ങുന്നതിന് മുന്ന് തന്നെ താന്‍ റഷ്യയില്‍ എത്തിയിരുന്നു, വ്‌ളാഡിമിര്‍ പുടിനുമായി നിശ്ചയിച്ചിരുന്ന മീറ്റിങ്ങിന് തൊട്ടുമുമ്പാണ് ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച കാര്യം അറിയുന്നത്, വിഷയത്തില്‍ താനുമായി റഷ്യന്‍ പ്രസിഡന്റ് ചര്‍ച്ച ചെയ്തിട്ടില്ല, എന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.
ഉക്രൈന്‍- റഷ്യ യുദ്ധം ആരംഭിക്കാനിരിക്കുകയാണ് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഒരിക്കലും ആ സമയത്ത് റഷ്യ സന്ദര്‍ശിക്കുമായിരുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Imran Khan says Pakistan’s future is tied up with Russia