ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ ‘ബനാന റിപബ്ലിക്ക്’ എന്ന നിലയിലേക്ക് അധപതിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫിലെ (Pakistan Tehreek-e- Insaf- PTI) നേതാവായ ഷെഹബാസ് ഗില്ലിനെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.
ഗില്ലിന്റെ അറസ്റ്റ് അദ്ദേഹത്തിനും തങ്ങളുടെ പാര്‍ട്ടിക്കുമെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇമ്രാന്‍ ആരോപിക്കുന്നത്.
”രാജ്യം ഒരു ബനാന റിപ്പബ്ലിക്കിലേക്ക് അധപതിക്കുകയാണ്. നമ്മുടെ ക്രൂരതയുടെ തലങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ പരിഷ്‌കൃത ലോകം ഞെട്ടും.
പീഡനത്തിലൂടെയും നീതിയുക്തമായ വിചാരണ ഇല്ലാതെയും ഒരു ഈസി ടാര്‍ഗറ്റിനെ തെരഞ്ഞെടുക്കുന്നു എന്നതാണ് ഏറ്റവും മോശമായ ഭാഗം,’ ഗില്ലിനെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോക്കൊപ്പം ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഗില്ലിനെ പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ടെലിവിഷന്‍ ചാനലില്‍ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ ‘വിദ്വേഷം പ്രചരിപ്പിക്കുന്നതും രാജ്യദ്രോഹപരവുമായ’ കമന്റ് നടത്തി എന്നതായിരുന്നു ഗില്ലിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. പാകിസ്ഥാന്‍ മീഡിയ അതോറിറ്റിയുടേതായിരുന്നു നിരീക്ഷണം.
അതേസമയം നേരത്തെ തന്നെ ഗില്ലിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് പി.ടി.ഐ ആരോപിക്കുന്നത്.
അതിനിടെ, മെഡിക്കല്‍ സാഹചര്യങ്ങള്‍ കാരണം ഗില്ലിനെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് (പി.ഐ.എം.എസ്) മാറ്റിയിരിക്കുകയാണ്.