| Monday, 13th December 2021, 11:08 pm

തങ്ങളുടെ ത്യാഗം കാണാതെ കുറ്റക്കാരായി മുദ്ര കുത്തുന്നു, പാശ്ചാത്യ മാധ്യമങ്ങള്‍ നാണം കെടുത്തി: ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: അഫ്ഗാനിസ്ഥാന്റെ പേര് പറഞ്ഞ് പാകിസ്ഥാനെ ചെയ്യാത്ത തെറ്റിന് കുറ്റപ്പെടുത്തുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

അഫ്ഗാനിലെ അവസ്ഥയ്ക്ക് കാരണമായ തെറ്റ് ചെയ്തത് അമേരിക്കയാണെന്നും അതേസമയം അതിന്റെ പഴി കേള്‍ക്കേണ്ടി വരുന്നത് പാകിസ്ഥാനാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

തലസ്ഥാനമായ ലാഹോറില്‍ വെച്ച് നടക്കുന്ന വാര്‍ഷിക മാര്‍ഗല്ല ഡയലോഗിന്റെ ഉദഘാടന ചടങ്ങില്‍ തിങ്കളാഴ്ച പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാന്‍.

പാശ്ചാത്യ മാധ്യമങ്ങള്‍ പാകിസ്ഥാന്റെ ത്യാഗങ്ങളെ മാനിക്കുന്നതിന് പകരം അഫ്ഗാന്‍ വിഷയത്തില്‍ ‘ഡബിള്‍ ഗെയിം’ കളിച്ചെന്ന് പറഞ്ഞ് ലോകത്തിന് മുന്നില്‍ രാജ്യത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഖാന്‍ പറഞ്ഞത്.

അമേരിക്കയുടെ സഖ്യമായിരുന്നത് കാരണം അഫ്ഗാനിലെ യുദ്ധസമയത്ത് പാകിസ്ഥാന് ജീവനും സ്വത്തിനും ഒരുപാട് നാശമുണ്ടായെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്‍ വിഷയത്തില്‍ മുമ്പ് അമേരിക്കക്കൊപ്പം നിന്നതില്‍ ഖേദിക്കുന്നുവെന്നും അമേരിക്കക്കൊപ്പം നിന്നതിനും അമേരിക്കയുടെ അഫ്ഗാനിലെ പ്രവര്‍ത്തികളെ പിന്തുണച്ചതിനും പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ഇമ്രാന്‍ ഖാന്‍ നേരത്തേ പ്രതികരിച്ചിരുന്നു.

താലിബാന് പാകിസ്ഥാന്‍ പിന്തുണയുണ്ടെന്നും തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതിന് ശേഷം താലിബാന്‍ അവിടെ നടത്തിയ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ ആയുധങ്ങള്‍ നല്‍കി സഹായിച്ചെന്നും ആരോപിച്ച് പാക് ഭരണകൂടത്തിനെതിരെ അഫ്ഗാനിലെ ജനങ്ങള്‍ തന്നെ മുമ്പ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Imran Khan says Pakistan had to bear the brunt of the situation in Afghanistan

We use cookies to give you the best possible experience. Learn more