ലാഹോര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളോട് പാകിസ്ഥാനിലെ ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചതിനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഒരു പിച്ചപ്പാത്രവുമെടുത്ത് ലോകം മുഴുവന്‍ വിവിധ രാജ്യങ്ങള്‍ ചുറ്റി സഞ്ചരിക്കുകയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ചെയ്യുന്നതെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം.
”ഈ ഇറക്കുമതി ചെയ്യപ്പെട്ട സര്‍ക്കാര്‍ പാകിസ്ഥാനോട് എന്താണ് ചെയ്യുന്നതെന്ന് കാണുക,” പ്രാദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ചെയര്‍മാന്‍ കൂടിയായ ഇമ്രാന്‍ പറഞ്ഞു.
”ഭിക്ഷാപാത്രവുമായി ഷെഹ്ബാസ് ഷെരീഫ് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിലും അവരാരും അദ്ദേഹത്തിന് ഒരു ചില്ലിക്കാശ് പോലും നല്‍കുന്നില്ല,’ എന്നാണ് പ്രധാനമന്ത്രിയുടെ സമീപകാല വിദേശ സന്ദര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട് മുന്‍ പ്രധാനമന്ത്രി പറഞ്ഞത്.
കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ സത്യസന്ധമായ ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും അവസരമൊരുക്കണമെന്നും യുദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ചുവെന്നും ഇനി സമാധാനത്തിന്റെ മാര്‍ഗമാണ് വേണ്ടതെന്നുമുള്ള ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയെ കുറിച്ചും ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
”ചര്‍ച്ചകള്‍ നടത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യയോട് യാചിക്കുകയാണ്. എന്നാല്‍ ആദ്യം തീവ്രവാദം അവസാനിപ്പിക്കൂ, എന്നിട്ട് ചര്‍ച്ചയുടെ കാര്യം പരിഗണിക്കാം എന്നണ് ഇന്ത്യ തിരിച്ച് ആവശ്യപ്പെടുന്നത്,” യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അറബിയ ചാനലിന് ഷെഹബാസ് ഷെരീഫ് നല്‍കിയ അഭിമുഖത്തെ പരാമര്‍ശിച്ചുകൊണ്ട് ഖാന്‍ പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ദ്വിദിന യു.എ.ഇ സന്ദര്‍ശനത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം.
പ്രളയശേഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. മാസങ്ങളായുള്ള രാഷ്ട്രീയ- സാമൂഹിക അസ്ഥിരതയും സാമ്പത്തികരംഗത്തെ വളരെ മോശമായി ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു വിവിധ ലോകരാജ്യങ്ങളോടും ഐ.എം.എപിനോടുമടക്കം പാകിസ്ഥാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്.
പാകിസ്ഥാനുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ നിലവിലുള്ള വായ്പ നീട്ടാനും ഒരു ബില്യണ്‍ ഡോളര്‍ അധിക വായ്പ നല്‍കാനും ഷെഹബാസ് ഷെരീഫിന്റെ സന്ദര്‍ശനത്തില്‍ യു.എ.ഇ തീരുമാനിച്ചിരുന്നു.
പ്രളയ നാശനഷ്ടങ്ങളില്‍ നിന്ന് പാകിസ്ഥാനെ പുനര്‍നിര്‍മിക്കാന്‍ സഹായിക്കുന്നതിന് വേണ്ടി ഏകദേശം 10 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ജനീവ കോണ്‍ഫറന്‍സില്‍ വെച്ച് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഷെഹബാസ് ഷെരീഫിന് വാഗ്ദാനം ലഭിച്ചിരുന്നു.