യു.എസിന് പാകിസ്ഥാനില്‍ മിലിറ്ററി ബേസുകള്‍ സ്ഥാപിക്കണമായിരുന്നു; ഞാന്‍ അതിന് സമ്മതിക്കുമായിരുന്നില്ല: ഇമ്രാന്‍ ഖാന്‍
World News
യു.എസിന് പാകിസ്ഥാനില്‍ മിലിറ്ററി ബേസുകള്‍ സ്ഥാപിക്കണമായിരുന്നു; ഞാന്‍ അതിന് സമ്മതിക്കുമായിരുന്നില്ല: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th May 2022, 11:52 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ മിലിറ്ററി ബേസുകള്‍ സ്ഥാപിക്കാന്‍ യു.എസ് പദ്ധതിയിട്ടിരുന്നതായി പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

അഫ്ഗാനില്‍ നിന്നും യു.എസ് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ ഉയര്‍ന്ന യു.എസിന്റെ ആവശ്യം പാകിസ്ഥാന്‍ തന്റെ ഭരണകാലത്ത് അംഗീകരിച്ച് കൊടുക്കില്ലായിരുന്നെന്നും ഇമ്രാന്‍ ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

”അഫ്ഗാനിസ്ഥാനില്‍ എന്തെങ്കിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തിരിച്ചടിക്കുന്നതിന് വേണ്ടിയായിരുന്നു പാകിസ്ഥാനില്‍ മിലിറ്റി ബേസുകള്‍ സ്ഥാപിക്കാന്‍ യു.എസ് പദ്ധതിയിട്ടത്,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍ യു.എസിന്റെ ആവശ്യം ഒട്ടും സ്വീകാര്യമല്ലെന്നായിരുന്നു ഖാന്‍ അന്ന് പ്രതികരിച്ചതെന്നും പാകിസ്ഥാന്‍ മാധ്യമമായ ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

”ആദ്യം അവര്‍ ഞങ്ങളെ കുറ്റുപ്പെടുത്തി. ഞങ്ങളെ അഭിനന്ദിച്ചില്ല. ഞങ്ങളുടെ രാജ്യവും ട്രൈബല്‍ ഏരിയകളും നശിപ്പിക്കപ്പെട്ടു.

എന്നാലിപ്പോള്‍ മിലിറ്ററി ബേസുകള്‍ നിര്‍മിക്കണമെന്നാണ് അവര്‍ വീണ്ടും ആവശ്യപ്പെടുന്നത്. ഞാനിത് അംഗീകരിക്കുമായിരുന്നില്ല,” ഖാന്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ജനതയെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ മാസമായിരുന്നു അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് മുന്‍ ക്രിക്കറ്റര്‍ കൂടിയായ ഇമ്രാന്‍ ഖാന് പാകിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോകേണ്ടി വന്നത്.

തനിക്കെതിരായി പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് പിന്നില്‍ യു.എസാണെന്ന് നേരത്തെ ഇമ്രാന്‍ ഖാന്‍ വാദിച്ചിരുന്നു.

പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നേതാവും (പി.എം.എല്‍) മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫാണ് തുടര്‍ന്ന് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

Content Highlight: Imran Khan says he would ‘never have agreed’ to US demand of military bases in Pakistan