ഇസ്‌ലാമാബിദ്: തന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഒരു തടസ്സമായി മാറിയെന്നും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
അന്നത്തെ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ (General Qamar Javed B-ajwa) ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്നും ഖാന്‍ പറഞ്ഞു.
എന്നാല്‍ 2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിന് ശേഷം തന്റെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചില്ലെന്നും ഖാന്‍ പറഞ്ഞു.
”എന്റെ മൂന്നര വര്‍ഷത്തെ ഭരണകാലത്ത് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും തടസമായി മാറി,” പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
സമാന്‍ പാര്‍ക്കിലെ തന്റെ വസതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍.
ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വീണ്ടും വിജയിക്കണമെന്നും കശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്നും മുമ്പ് പറഞ്ഞതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ഇമ്രാന്‍ ഖാന്‍ മറുപടി പറയുന്നുണ്ട്.
”ഒരു വലതുപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു നേതാവിന് ഈ സംഘര്‍ഷം പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. മോദി വലതുപക്ഷ പാര്‍ട്ടിയില്‍ നിന്നാണ്. അതിനാലാണ് അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തണമെന്നും കശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചത്,” മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
കശ്മീര്‍ പ്രശ്നവും പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളും കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്.
2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. സംസ്ഥാന പദവി എടുത്ത് കളഞ്ഞശേഷം കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയായിരുന്നു.
Content Highlight: Imran Khan says he wanted To Improve Strained Ties With India During his Tenure