| Wednesday, 25th January 2023, 1:36 pm

അധികാരത്തില്‍ തിരിച്ചെത്തും; പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കും: ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് വിശ്വാസമെന്നും പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ധിച്ചുവരുന്ന കടബാധ്യതയുടെ അപകടസാധ്യത തടയുന്നതിനുമുള്ള അന്താരാഷ്ട്ര നാണ്യനിധിയുടെ (International Monetary Fund) തുടര്‍ച്ചയായ ഇടപെടലുകളെ പിന്തുണക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

താന്‍ അധികാരത്തില്‍ തിരിച്ചെത്തുമ്പോഴേക്കും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മോശമായ അവസ്ഥയിലായിരിക്കുമെന്നും അതിനെ കരകയറ്റാന്‍ ‘സമൂലമായ’ പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ പിന്നെ നമുക്കധികം സമയമില്ല. നമുക്ക് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പോളിസികള്‍ ഈ രാജ്യത്ത് കൊണ്ടുവരേണ്ടതുണ്ട്,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിലവില്‍ ലാഹോറിലെ തന്റെ വസതിയിലാണ് ഇമ്രാന്‍ ഖാനുള്ളത്. ഇക്കഴിഞ്ഞ നവംബറില്‍ കാലിന് വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പരിക്കുകളില്‍ നിന്നും മോചിതനായി വരികയാണ് അദ്ദേഹം.

കഴിഞ്ഞ വര്‍ഷം വിശ്വാസവോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട നേതാവാണ് ഇമ്രാന്‍. 2023 ഓഗസ്റ്റിന് ശേഷമായിരിക്കും പാകിസ്ഥാനില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന് ശേഷം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയുമാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. ഐ.എം.എഫിനോടും വിവിധ ലോകരാജ്യങ്ങളോടും പ്രധാനമന്ത്രി ഷെരീഫ് വായ്പയടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി പിച്ചച്ചട്ടിയുമായി ലോകം മുഴുവന്‍ സഞ്ചരിക്കുകയാണെന്നായിരുന്നു ഷെഹബാസ് ഷെരീഫിനെ പരിഹസിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

Content Highlight: Imran Khan says he confident to win the next election

We use cookies to give you the best possible experience. Learn more