ലാഹോര്‍: തന്നെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്‍ പൊലീസ് കഴിഞ്ഞ ദിവസം തന്റെ വസതിയിലെത്തിയതെന്ന് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ ദിവസം പൊലീസ് തനിക്കെതിരെ നടത്തിയ അറസ്റ്റ് ശ്രമം വെറും നാടകം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.
‘അറസ്റ്റ് ശ്രമം നാടകം മാത്രമായിരുന്നു. യഥാര്‍ഥ ലക്ഷ്യം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുക എന്നതായിരുന്നു. കണ്ണീര്‍വാതകത്തിലും ജലപീരങ്കിയിലും തുടങ്ങിയ അക്രമങ്ങള്‍ ഇപ്പോള്‍ നേരിട്ട് വെടിയുതിര്‍ക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. പൊലീസിന്റെ നടപടികള്‍ ദുരുദ്ദേശപരമാണ്,’ ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. പൊലീസ് വെടിയുതിര്‍ത്തതിന് തെളിവായി ബുള്ളറ്റുകളുടെ ചിത്രവും ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
തോഷാഖാന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലാഹോറില്‍ പൊലീസും തെഹ്രീഖ്-ഇ-ഇന്‍സാഫ് പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന സമയത്ത് വില കൂടിയ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നതാണ് തോഷാഖാന കേസ്.
പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയതിന് പിന്നാലെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങണമെന്ന് അണികളോട് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു. ഭരണകൂടം തന്നെ കൊലപ്പെടുത്തുകയോ ജയലിലടക്കുകയോ ചെയ്താലും പോരാട്ടം തുടരണമെന്നും ഒരിക്കലും ഏകാധിപത്യ ഭരണം അംഗീകരിക്കരുതെന്നുമായിരുന്നു ഇമ്രാന്‍ കഴിഞ്ഞ ദിവസം അണികളോട് പറഞ്ഞത്.
Content Highlight: Imran Khan said that the Pakistani police came to his residence last day with the aim of beating him up and killing him