| Thursday, 15th August 2019, 7:17 pm

സ്വാതന്ത്ര്യദിനത്തില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് ഇന്ത്യ; മോദിയുടെ പ്രസംഗത്തില്‍ ഇടം പിടിക്കാതെ പാകിസ്താന്‍; പകരം വിനോദ സഞ്ചാരവും സൈന്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനമായ ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് 92 മിനുട്ടാണ്. എന്നാല്‍ പ്രസംഗത്തില്‍ ഒരവസരത്തില്‍ പോലും ഒരു തവണ പോലും മോദി അയല്‍ രാജ്യമായ പാകിസ്താന്റെ പേര് പരാമര്‍ശിച്ചില്ല.

തീവ്രവാദം ഇന്ത്യയ്ക്ക് മാത്രമല്ല അയല്‍ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് മോദി അഭിപ്രായപ്പെട്ടു. പക്ഷേ, ഒരിക്കല്‍ പോലും പാകിസ്താനേയോ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയോ പ്രസംഗത്തിലെവിടെയും പരാമര്‍ശിച്ചില്ലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഓഗസ്റ്റ് പതിനാലിന് അതായത്, ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് പാകിസ്താന്‍ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. പാക് അധീന കശ്മീരില്‍ മുസഫറാബാദില്‍ വച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ പ്രസംഗത്തിന്റെ പകുതിയിലധികവും ഇന്ത്യയെ പരാമര്‍ശിച്ചായിരുന്നു സംസാരിച്ചത്. മോദിയും കശ്മീരുമെല്ലാം പാക് പ്രധാനമന്ത്രിയുടെ പരിഗണനയില്‍ വന്നു.

മോദി പാകിസ്താനെ പരാമര്‍ശിക്കാന്‍ വിട്ടെങ്കിലും ഓഗസ്റ്റ് 19ന് നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന് മുന്‍കൂര്‍ ആശംസ നല്‍കാന്‍ അദ്ദേഹം മറന്നില്ല.

പ്രസംഗത്തിനിടെ പൗരര്‍ എന്ന് 47 തവണ ആവര്‍ത്തിച്ച മോദി വെള്ളം എന്ന് മുപ്പത് തവണയും തീവ്രവാദം എന്ന് 16 തവണയും ആര്‍ട്ടിക്കിള്‍ 370 എന്ന് 14 തവണയും ടൂറിസമെന്ന് 13 തവണയും സൈന്യമെന്ന് പത്ത് തവണയും ആവര്‍ത്തിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ച് മോദി ദീര്‍ഘനേരം സംസാരിച്ചു. വിനോദ സഞ്ചാരമായിരുന്നു അദ്ദേഹം കൂടുതല്‍ സമയം ചെലവിട്ട മറ്റൊരു വിഷയം.

മുഖ്യമായും കശ്മീര്‍ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസംഗം. കശ്മീരിനെയും ഇന്ത്യയെയും കുറിച്ചുള്ള ആകുലതകളും അദ്ദേഹം പങ്കുവച്ചു. പാകിസ്താന്‍ എന്ന് പറയുന്നതിലുമധികം ഖാന്‍ കശ്മീര്‍ എന്ന വാക്കാണ് പറഞ്ഞതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയും ആര്‍.എസ്.എസും ഇമ്രാന്‍ ഖാന് വിഷയമായി. ആര്‍.എസ്.എസിനും ഹിറ്റ്‌ലറുടെ നാസി സര്‍ക്കാരിനും ഒരേ പ്രത്യയ ശാസ്ത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം കശ്മീരിനും പാകിസ്താനും മാത്രമല്ല, ഇന്ത്യയിലെ മുസ് ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദളിതര്‍ക്കും ഭീഷണിയാണെന്നും പിന്നീട് ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു.

We use cookies to give you the best possible experience. Learn more