| Friday, 4th November 2022, 8:12 am

'അയാള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, അതുകൊണ്ട് അയാളെ ഇല്ലാതാക്കണമായിരുന്നു'; ഇമ്രാന്‍ ഖാന് നേരെ വെടിയുതിര്‍ത്തയാളുടെ വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെടിവെച്ച അക്രമി കുറ്റം സമ്മതിക്കുന്നതായുള്ള വീഡിയോ പുറത്ത്.

ഇമ്രാന്‍ ഖാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, തെറ്റായ വഴിയിലൂടെ നയിക്കുകയാണെന്നും അതുകൊണ്ടാണ് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നും അക്രമി പറയുന്നതായുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകന്‍ ഹമിദ് മിര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളിലാണ് അക്രമിയുടെ പ്രതികരണമുള്ളത്.

”ഇമ്രാന്‍ ഖാനെ കൊല്ലാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നത്. എനിക്ക് അയാളെ (ഇമ്രാന്‍ ഖാന്‍) ഇല്ലാതാക്കണമായിരുന്നു. കാരണം അയാള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല.

ഞാനാണ് അയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്, വേറെ ആരുമല്ല.

അയാള്‍ ലാഹോറില്‍ നിന്നും പുറപ്പെട്ട സമയത്താണ്, റാലി ആരംഭിച്ച ദിവസമാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. ഞാന്‍ ഒറ്റക്കാണ് ഇതെല്ലാം ചെയ്തത്. ഇതില്‍ മറ്റാരും ഉള്‍പ്പെട്ടിട്ടില്ല.

ആരും എന്റെ പിറകിലില്ല, ആരും എന്റെ ഒപ്പമില്ല,” ഷൂട്ടര്‍ വീഡിയോയില്‍ പറയുന്നു.

വീഡിയോ പാകിസ്ഥാന്‍ പൊലീസ് റെക്കോഡ് ചെയ്തതാണെന്നാണ് കരുതപ്പെടുന്നത്.

വെടിവെപ്പിന് പിന്നാലെ തന്നെ അക്രമിയെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഇതിനിടെയാണ് ഇപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു തന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫിന്റെ (പി.ടി.ഐ) റാലിക്കിടെ ഇമ്രാന്‍ ഖാന് വെടിയേറ്റത്.

ഗുജ്റന്‍വാല പ്രവിശ്യയില്‍ ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കാലിന് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന നാല് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, പാര്‍ട്ടി നേതാവിനും വെടിയേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്‌ലാമാബാദിലേക്ക് ഒരു ലോങ് മാര്‍ച്ച് പി.ടി.ഐ പ്രഖ്യാപിച്ചിരുന്നു. ഈ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കാന്‍ വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

വസീറാബാദില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗവേദിയായിരുന്ന കണ്ടെയ്നറിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം വലിയ രീതിയിലുള്ള പ്രതിഷേധറാലികളും പ്രക്ഷോഭങ്ങളുമാണ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പി.ടി.ഐ നടത്തുന്നത്.

രണ്ടാഴ്ച മുമ്പ് ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിക്കൊണ്ട് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. പാര്‍ലമെന്റില്‍ അംഗമാകുന്നതില്‍ നിന്നും അഞ്ച് വര്‍ഷത്തേക്കാണ് ഇമ്രാന്‍ ഖാനെ വിലക്കിയത്.

ഇതിന് പിന്നാലെയാണ് പി.ടി.ഐ അണികളും പ്രവര്‍ത്തകരും ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങളിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ലോങ് മാര്‍ച്ച്.

Content Highlight: Imran Khan’s shooter’s reaction in front of camera

We use cookies to give you the best possible experience. Learn more