| Tuesday, 22nd June 2021, 8:16 am

'പുരുഷന്‍മാര്‍ റോബോട്ടുകളൊന്നുമല്ല ഒന്നും തോന്നാതിരിക്കാന്‍'; സ്ത്രീകളുടെ വസ്ത്രധാരണമാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമെന്ന് ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവുമാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്‌സിയോസ് എച്ച്.ബി.ഒയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന വസ്ത്രധാരണം ഒഴിവാക്കുന്നതിലൂടെ മാത്രമെ ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ കഴിയുള്ളുവെന്നാണ് ഇമ്രാന്റെ പ്രസ്താവന.

‘പര്‍ദ്ദ എന്ന ആശയമാണ് ഞാന്‍ മുന്നോട്ട് വെയ്ക്കുന്നത്. സമൂഹത്തില്‍ പ്രകോപനമുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനില്‍ ഡിസ്‌കോ ക്ലബ്ബുകളോ, നൈറ്റ് പാര്‍ട്ടികളോ ഇല്ല. വളരെ വ്യത്യസ്തമായ രീതിയില്‍ ജീവിക്കുന്ന സമൂഹമാണ് ഇവിടെ. അങ്ങനെയുള്ള സമൂഹത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍ എന്താകും അവസ്ഥ,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിവെയ്ക്കുമോ എന്ന ചോദ്യത്തിന്, സ്ത്രീകള്‍ അല്പവസ്ത്രധാരികളായി നടന്നാല്‍ അത് സമൂഹത്തെ പ്രകോപിപ്പിക്കുമെന്നും പുരുഷന്‍മാര്‍ റോബോട്ടുകളൊന്നുമല്ല ഒന്നും തോന്നാതിരിക്കാനെന്നുമായിരുന്നു ഇമ്രാന്റെ മറുപടി.

‘ഇതൊക്കെ ഓരോ സമൂഹത്തിന്റെ ജീവിതശൈലിയെ അനുസരിച്ചാണ്. അശ്ലീലമായ ഒന്നും കാണാതെ ജീവിക്കുന്ന ഒരു കമ്മ്യൂണിറ്റിയില്‍ ഇത്തരം പ്രകോപനങ്ങള്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം ഇമ്രാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീവിരുദ്ധനാണ് ഇമ്രാന്‍ എന്നാണ് പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് വക്താവ് മറിയം ഔറംഗസേബ് പറഞ്ഞത്.

‘സ്ത്രീപീഡകരെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് ഇമ്രാന്‍ ഖാന്‍ നടത്തിയത്. ഒരു സ്ത്രീവിരുദ്ധ മനോഭാവമാണ് തന്റേതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്,’ മറിയം ഔറംഗസേബ് പറയുന്നു.

ഔദ്യോഗിക കണക്കുപ്രകാരം പാകിസ്ഥാനില്‍ ഒരു ദിവസം 11 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 22000ത്തോളം ബലാത്സംഗ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ശിക്ഷ ലഭിച്ചത് വെറും 77 പേര്‍ക്ക് മാത്രമാണെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Imran Khan’s Sexiest Comments Draws Backlash

We use cookies to give you the best possible experience. Learn more