ഇസ്‌ലാമാബാദ്: പാകിസ്താൻ പൊതു തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയിട്ടും പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ്. സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിച്ച തെരഞ്ഞെടുപ്പിൽ 101 സീറ്റുകളാണ് പാർട്ടി നേടിയത്.
ഇമ്രാൻ ഖാന്റെ നിർദേശ പ്രകാരം തന്നെയാണ് തീരുമാനമെന്ന് പാർട്ടി വക്താവ് അലി സെയ്ഫ് അറിയിച്ചു. ഉമർ അയൂബ് ഖാനെ പ്രധാനമന്ത്രി സ്ഥാനാർഥിയായും അസ്‌ലം ഇഖ്ബാലിനെ പഞ്ചാബ് മുഖ്യമന്ത്രിയായും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനവുമായി പാർട്ടി രംഗത്തെത്തിയത്.
“തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ 180 സീറ്റുകളുമായി ഞങ്ങൾ രാജ്യത്ത് അധികാരത്തിലെത്തിയേനെ. അതിനാൽ പാർട്ടി പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനിച്ചത്. ഞങ്ങളുടെ സ്ഥാനാർഥികൾ വിജയിച്ചതിന്റെ തെളിവുകൾ പാർട്ടിയുടെ പക്കലുണ്ട്”, അലി സെയ്ഫ് പറഞ്ഞു.
നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്‌ലീം ലീഗും പാകിസ്താൻ പീപ്ൾസ് പാർട്ടിയും ചേർന്നുള്ള സഖ്യ സർക്കാർ ആയിരിക്കും പാകിസ്താനിൽ അധികാരത്തിലെത്തുക. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച ചർച്ച ശനിയാഴ്ചത്തേക്ക് മാറ്റിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
പ്രസിഡന്റ് സ്ഥാനം പി.പി.പി നേതാവ് ആസിഫലി സർദാരിക്കും പ്രധാനമന്ത്രി സ്ഥാനം ശഹ്ബാസ് ശരീഫിനും നൽകാനാണ് നിലവിൽ ധാരണയായത്. 266 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 8ന് നടന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയോടെ 113 സീറ്റാണ് ഇമ്രാൻ ഖാന്റെ പാർട്ടി നേടിയത്. നവാസ് ഷെരീഫിന്റെ പി.എം.എൽ 75 സീറ്റും, പാകിസ്താൻ പീപ്ൾസ് പാർട്ടിക്ക് 54 സീറ്റുമാണ് ലഭിച്ചത്.
കേവല ഭൂരിപക്ഷത്തിലേക്കെത്താൻ 133 സീറ്റുകൾ ആവശ്യമുള്ളപ്പോൾ രാജ്യത്ത് ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തീരുമാനത്തിന് പിന്നാലെ പാകിസ്താനിൽ രാജ്യ വ്യാപക പ്രതിഷേധം നടത്തുമെന്നും പി.ടി.ഐ അറിയിച്ചിട്ടുണ്ട്.
Contant Highlight: Imran Khan’s PTI party decides to sit in Opposition