| Thursday, 26th July 2018, 7:26 am

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; പാകിസ്ഥാനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത; 112 സീറ്റുമായി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാനി തെഹ്‌രീക് ഇ-ഇന്‍സാഫ് മുന്നേറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സമയം അഞ്ചു മണിയോടെ 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 112 സീറ്റുകളില്‍ പി.ടി.ഐ മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 137 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണല്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇമ്രാന്‍ ഖാന്റെ പ്രധാന എതിരാളിയായ നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് 68 സീറ്റുകളിലും, ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 38 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഇമ്രാന്‍ ഖാന്‍ അദ്ദേഹം മത്സരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലും മുന്നിട്ടുനില്‍ക്കുന്നു.


ALSO READ: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഇമ്രാന്‍ഖാന്റെ പാര്‍ട്ടി മുന്നില്‍


സാങ്കേതിക തകരാറുകള്‍ മൂലം വോട്ടെണ്ണല്‍ വൈകുന്നതായാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് അടക്കം പല കക്ഷികളും തെരഞ്ഞെടുപ്പ് ഫലം ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു.

സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും കലുഷമാക്കിയ അന്തരീക്ഷത്തിലാണ് പാകിസ്താനില്‍   തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മൂന്ന് സ്ഥാനാര്‍ഥികളുള്‍പ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

കനത്ത സുരക്ഷയിലായിരുന്നു പൊതുതെരഞ്ഞെടുപ്പ്. 85,000 പോളിങ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചത്. 4,50,000 പോലീസുകാരും സുരക്ഷാച്ചുമതലയിലുണ്ട്.


ALSO READ: നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍.ഡി.എ ഘടകകക്ഷി നേതാവ്


പോളിങ് സ്റ്റേഷനുകള്‍ക്കുള്ളില്‍ സൈനികര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് അധികൃതര്‍ തീരുമാനിച്ചത് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നേക്കാമെന്ന ആശങ്കയുയര്‍ത്തിയിരുന്നു.

We use cookies to give you the best possible experience. Learn more