ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അസംബ്ലിയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിക്ക് വമ്പന്‍ വിജയം. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസിനെ (പി.എം.എല്‍- എന്‍) പരാജയപ്പെടുത്തിക്കൊണ്ടാണ് പി.ടി.ഐ വിജയം നേടിയത്.
ഇതോടെ പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്നാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുന്നത്.
2023 ഒക്ടോബറിലാണ് പാകിസ്ഥാനില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അതിന് മുമ്പേ തന്നെ നടത്തണമെന്നാണ് ഇപ്പോള്‍ ഇമ്രാന്റെ ആവശ്യം.
പഞ്ചാബിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.
”സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇവിടെ നിന്ന് മുന്നോട്ട് പോകാനുള്ള ഏക പോംവഴി. മറ്റേത് മാര്‍ഗം സ്വീകരിച്ചാലും അത് വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും നയിക്കും, ” പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
20 സീറ്റുകളുള്ള പഞ്ചാബ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പി.ടി.ഐക്ക് 15 സീറ്റുകള്‍ ലഭിച്ചപ്പോള്‍ പി.എം.എല്‍- എന്നിന് വെറും നാല് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നേടി.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയായാണ് പഞ്ചാബ് ഫലം കണക്കാക്കപ്പെടുന്നത്. നാല് വര്‍ഷത്തോളം ഭരിച്ച ശേഷമായിരുന്നു ഇമ്രാന്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടത്.
ഇമ്രാന്‍ പുറത്തായതോടെയാണ് പി.എം.എല്‍- എന്‍ നേതാവും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായത്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് അന്നുമുതല്‍ ഇമ്രാന്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് പഞ്ചാബില്‍ ഭരണകക്ഷി തിരിച്ചടി നേരിടാന്‍ കാരണമായതെന്നാണ് വിവിധ തലങ്ങളില്‍ നിന്നുയരുന്ന അഭിപ്രായം. കടുത്ത വിലക്കയറ്റവും ഊര്‍ജക്ഷാമവും കാരണമുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്.