ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഉടന്‍ പൊതു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കില്‍ പഞ്ചാബ്, ഖൈബര്‍ പക്തുന്‍ഖ്വ (Khyber Pakhtunkhwa) പ്രവിശ്യകളിലെ നിയമസഭകള്‍ പിരിച്ചുവിടുമെന്ന ഭീഷണിയുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (Pakistan Tehreek-e-Insaf).
നിലവിലെ ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ ഈ വരുന്ന ഡിസംബര്‍ 20നകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കില്‍ ഈ നിയമസഭകള്‍ പിരിച്ചുവിടുമെന്നാണ് പി.ടി.ഐയുടെ മുന്നറിയിപ്പ്.
”ഡിസംബര്‍ 20നകം പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ഫോര്‍മുല പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി.ഡി.എം) കൊണ്ടുവന്നില്ലെങ്കില്‍ പഞ്ചാബ്, കെ.പി നിയമസഭകള്‍ പിരിച്ചുവിടും.
ഇറക്കുമതി ചെയ്ത സര്‍ക്കാരിന്റെ നേതാക്കള്‍ വോട്ടെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നില്ല, അവര്‍ക്ക് രാജ്യം എങ്ങനെ നയിക്കണമെന്ന് അറിയില്ല,” മുന്‍ വാര്‍ത്താവിനിമയ മന്ത്രിയും പി.ടി.ഐയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമായ ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.
നിലവില്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിയാണ് പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ്.
പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് പാര്‍ട്ടിയുടെ (പി.എം.എല്‍-എന്‍) നേതൃത്വത്തിലുള്ള ഭരണസഖ്യത്തിലെ അംഗങ്ങളെയും അദ്ദേഹം തന്റെ ട്വീറ്റിലൂടെ വിമര്‍ശിച്ചു.
മന്ത്രിമാരെ നിയമിക്കുന്നത് കൊണ്ടും വിദേശ യാത്രകള്‍ നടത്തുന്നത് കൊണ്ടും രാജ്യത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഓഗസ്റ്റ് വരെയാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് നേരത്തെയാക്കി അധികാരത്തിലേക്ക് തിരിച്ചുവരാനാണ് ഇമ്രാന്‍ ഖാന്റെ പദ്ധതി.
ഈ ആവശ്യവുമായി ലാഹോറില്‍ നിന്നും ഇസ്‌ലാമാബാദിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിനിടെ നവംബര്‍ മൂന്നിന് ഇമ്രാന്‍ ഖാന് വെടിയേറ്റിരുന്നു. പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ആഭ്യന്തരമന്ത്രി റാണ സനാവുള്ളയും ഐ.എസ്.ഐ കൗണ്ടര്‍ ഇന്റലിജന്‍സ് മേധാവി മേജര്‍ ഫൈസല്‍ നസീറുമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇമ്രാന്‍ ഖാന്‍ പുറത്തായത്. ഇതിന് ശേഷം പാകിസ്ഥാനില്‍ അധികാരത്തിലെത്തിയ ഷഹ്ബാസ് ഷെരീഫിനെതിരെ രൂക്ഷമായ വിമര്‍ശനവും ആരോപണങ്ങളുമായിരുന്നു ഇമ്രാന്‍ നിരന്തരം ഉന്നയിച്ചിരുന്നത്.
Content Highlight: Imran Khan’s party threatens to dissolve Punjab assembly if govt fails to announce election dates soon