ഇമ്രാന്‍ ഖാന്റെ വിദേശ യാത്രകള്‍ പാകിസ്താന് ദോഷകരമെന്ന് പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി). ഇമ്രാന്‍ ഖാന്‍ രാജ്യത്തിന് സുരക്ഷാ പ്രശ്‌നമാവുകയാണെന്നും അദ്ദേഹത്തിന്റെ വിദേശയാത്രകളിലെ നിരുത്തരവാദിത്വപരമായ സമീപനങ്ങള്‍ രാജ്യത്തെ ദോഷകരമായാണ് ബാധിക്കുന്നതെന്നും പിപിപി ആരോപിച്ചു.
പിപിപിയുടെ സെനറ്റ് അംഗം മുസ്തഫ നവാസ് ഖോഖര്‍ ആണ് ഇക്കാര്യങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി പോരാടുന്നതിന് പകരം ഇമ്രാന്‍ ഖാന്‍ വിദേശയാത്കളിലേക്ക് തിരിയുകയും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്താനെ പരിഹസിക്കാന്‍ അവസരമൊരുക്കുകയുമാണ് ചെയ്യുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു.
മുമ്പ്, ഇമ്രാന്‍ ഇറാനില്‍ പോയി അദ്ദേഹത്തിന്റെത് ഭീകരവാദ പ്രവര്‍ത്തനങ്ങളുള്ള രാജ്യമാണെന്ന് പറയുകയും ചെയ്തു. ഇപ്പോള്‍ പാകിസ്താനെ പരിഹാസത്തിന് പാത്രമാകാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. അദ്ദേഹത്തെ സമീപകാലത്തെ യു.എസ് സന്ദര്‍ശനത്തിനിടെ പാക് സൈന്യത്തിനും ഐ.എസ്.ഐക്കും അല്‍-ക്വയ്ദയുടെ പരിശീലനം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. അത് രാജ്യത്തിന് തന്നെ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്’ മുസ്തഫ ആരോപിച്ചു.
ന്യൂയോര്‍ക്കിലെ ഫോറിന്‍ റിലേഷന്‍സ് കൗണ്‍സിലില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍, അല്‍-ക്വയ്ദയുടെ സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ യു.എസ് യുദ്ധത്തില്‍ പാകിസ്താന്‍ പങ്കെടുത്തത് വലിയ മണ്ടത്തരമായിരുന്നെന്ന് പറഞ്ഞിരുന്നു. ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളവുമായി ബന്ധപ്പെട്ടും ഇമ്രാന്‍ ഖാന്‍ പരാമര്‍ശം നടത്തിയിരുന്നു.
ഈ പ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍ ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, വിദേശ യാത്രകളിലെ പ്രധാനമന്ത്രിയുടെ പ്രസംഗം വിലക്കുകയെങ്കിലും വേണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.