ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായി നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിന് വിജയം. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുകയായിരുന്നു.
ഇതോടെ പാകിസ്ഥാന്റെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.
സ്പീക്കര്‍ ആസാദ് ഖൈസര്‍ രാജിവെച്ചതോടെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവ് അയാസ് സാദിഖ് ആയിരുന്നു നിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് നടന്ന വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്.
പാകിസ്ഥാന്‍ സമയം ശനിയാഴ്ച 10:30യോട് കൂടിയായിരുന്നു അസംബ്ലി നടപടികള്‍ ആരംഭിച്ചത്. പ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഉച്ചക്ക് 12:30 വരെ അസംബ്ലി നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
പിന്നീട് ഒരു മണി കഴിഞ്ഞ് സഭ ചേര്‍ന്നെങ്കിലും റംസാന്‍ വ്രതത്തിന്റെ ഭാഗമായി ഇഫ്താര്‍ നടക്കാനുള്ളതിനാല്‍ അതിന് ശേഷം ചേരാനായി വീണ്ടും സഭ പിരിയുകയായിരുന്നു. പിന്നീട് രാത്രി വൈകിയാണ് അസംബ്ലി ചേര്‍ന്നതും അര്‍ധരാത്രിയോടെ വോട്ടെടുപ്പ് നടന്നതും.
342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
എന്നാല്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് 174 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. നേരത്തെ തങ്ങള്‍ക്ക് 172 സീറ്റില്‍ കൂടുതലുണ്ട് എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
2018ല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയായിരുന്നു 179 അംഗങ്ങളുമായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.
എന്നാല്‍ അവിശ്വാസ പ്രമേയ അവതരണത്തിന് പിന്നാലെ സഖ്യകക്ഷികളില്‍ ചിലര്‍ പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ സഖ്യസര്‍ക്കാരിന് 164 പേരുടെ പിന്തുണ മാത്രമായി ചുരുങ്ങിയിരുന്നു.
നേരത്തെ ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലി ഡപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം സഭ പുനസ്ഥാപിക്കുകയും ശനിയാഴ്ച രാവിലെ വോട്ടെടുപ്പ് നടപടികള്‍ക്കായി സഭ ചേരുകയും ചെയ്തത്.
Content Highlight: Imran Khan’s Government in Pakistan Falls After Midnight No-Trust Vote