ന്യൂദല്‍ഹി: ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായതിന് പിന്നില്‍ പാക് സൈന്യമാണെന്നും പാകിസ്താനില്‍ പുതിയ രാഷ്ട്രീയമാറ്റമൊന്നും പ്രതീക്ഷിക്കാനില്ലെന്നും വിദേശകാര്യ സഹമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ സിങ്. ഇമ്രാന്‍ഖാന്റെ സൈനിക ബന്ധത്തെ കുറിച്ചുള്ള സംസാരങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇതാദ്യമായാണ് മുതിര്‍ന്ന ഒരു ഇന്ത്യന്‍ മന്ത്രി പ്രതികരിക്കുന്നത്.
സൈന്യം പിന്താങ്ങുന്ന ഒരു വ്യക്തിയില്‍ നിന്നും മാറ്റം നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ ? പട്ടാളം തന്നെയാണ് പാകിസ്താനില്‍ ഇപ്പോഴും ഭരണം നടത്തുന്നത്. ഇമ്രാന്‍ഖാന്‍ സൈന്യത്തിന് വിധേയപ്പെടുമോ ഇല്ലയോ എന്ന നമുക്ക് കാത്തിരുന്ന് കാണാം. വി.കെ സിങ് പറഞ്ഞു.
ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായതിന് ശേഷമുള്ള അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റ സംഭവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.കെ സിങ്. അനുകൂല സാഹചര്യമുണ്ടായാല്‍ മാത്രമേ പാകിസ്താനുമായി ചര്‍ച്ചയുണ്ടാവുകയുള്ളൂവെന്നും വി.കെ സിങ് പറഞ്ഞു.