India- Pakistan Talks
മോദി വീണ്ടും ജയിച്ചാല്‍ ഇന്ത്യ-പാക് സമാധന ചര്‍ച്ചയ്ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 10, 04:17 am
Wednesday, 10th April 2019, 9:47 am

 

ഇസ്‌ലാമാബാദ്: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു അഭിമുഖത്തില്‍ ഒരു സംഘം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാണ് അടുത്തതായി വരാന്‍ പോകുന്നതെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

‘ ഒരു പക്ഷേ വലതുപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ജയിക്കുകയാണെങ്കില്‍ കശ്മീരില്‍ വിഷയത്തില്‍ ചില തരത്തിലുള്ള ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാനിടയുണ്ട്.’ അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ‘ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

‘ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഇന്ത്യയിലെ ജീവിതത്തില്‍ നേരത്തെ സന്തുഷ്ടരായിരുന്നു. എന്നാലിപ്പോള്‍ അവര്‍ തീവ്ര ഹിന്ദു ദേശീയത കാരണം അങ്ങേയറ്റം ഭീതിയിലാണ്.’ എന്നും ഖാന്‍ പറഞ്ഞു.

കശ്മീര്‍ ജനതയ്ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന പ്രത്യേക അവകാശം എടുത്തുമാറ്റുമെന്ന് ബി.ജെ.പി കഴിഞ്ഞദിവസം പുറത്തുവിട്ട പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. അത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.