ഇസ്‌ലാമാബാദ്: അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ബുധനാഴ്ചയായിരുന്നു ഇമ്രാന്‍ ഖാന്‍ ഇസ്‌ലാമാബാദിലെ തന്റെ വസതിയായ ബാനി ഗാലയില്‍ വെച്ച് യു.എസ് കോണ്‍ഗ്രസ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെ കണ്ടത്.
പാകിസ്ഥാനില്‍ തന്റെ സര്‍ക്കാരിന്റെ പതനത്തിന് കാരണം അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഇപ്പോള്‍ ഇമ്രാന്‍ യു.എസ് കോണ്‍ഗ്രസ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ഷിരീന്‍ മസാരി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ട്വിറ്ററിലൂടെ ഇരുവരുടെയും ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇമ്രാന്‍ ഖാന്റെ മുന്‍ വാദങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.
തനിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് കാരണം വിദേശ ശക്തികളുടെ ഗൂഢാലോചനയാണെന്നും അമേരിക്കയാണ് ഇതിന് പിന്നിലെന്നും വാദിച്ച ഇമ്രാന്‍ ഖാന്‍ എന്തിനാണ് ഇപ്പോള്‍ യു.എസ് കോണ്‍ഗ്രസ് പ്രതിനിധിയെ കണ്ടതെന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ ഇമ്രാന്‍ ഖാന്‍ പുറത്തായതിന് പിന്നാലെ പാക് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫാണ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുന്നത്.
Content Highlight: Imran Khan meets US Congress woman Ilhan Omar, social media questions Imran’s earlier American conspiracy theory