ഇസ്ലാമാബാദ്: പ്രതിപക്ഷമായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്‍(എം.ക്യു.എം.പി) ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹരീക് ഇന്‍സാഫ് സര്‍ക്കാരിന് ഇത് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിര്‍ന്ന എം.ക്യു.എം നേതാവ് ഫൈസല്‍ സബ്‌സ്വാരിയും സ്ഥിരീകരിച്ചു. എം.ക്യു.എം പി.പി.പിയുമായി ധാരണയായതോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ പാകിസഥാന്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായി.
342 അംഗ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം വിജയിപ്പിക്കാന്‍ 172 അംഗങ്ങളുടെ പന്തുണയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടത്.
179 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ 2018ല്‍ അധികാരത്തിലേറുന്നത്. എം.ക്യു.എം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ പാര്‍ട്ടിക്ക് 164 പേരുടെ പിന്തുണയാണുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.
Content highlights: Imran Khan loses majority as PTI’s key ally MQM-P strikes deal with opposition