| Wednesday, 1st August 2018, 7:53 pm

മോദിക്ക് ക്ഷണമെന്ന വാര്‍ത്തകള്‍ തെറ്റ്; ഇമ്രാന്റെ സത്യപ്രതിജ്ഞയിലേക്ക് ക്ഷണം ആമിര്‍ ഖാനും കപില്‍ദേവിനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആമിര്‍ ഖാന്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് ക്ഷണം. സാര്‍ക് നേതാക്കളെയാണ് ഇമ്രാന്‍ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുക എന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് പാര്‍ട്ടി ക്ഷണിതാക്കളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള സാര്‍ക് നേതാക്കളെ ക്ഷണിക്കും എന്ന രീതിയിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ പാര്‍ട്ടി വൃത്തങ്ങള്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസിന്റെ അഭിപ്രായമാരാഞ്ഞതിനു ശേഷമേ വിദേശത്തു നിന്നുള്ള പ്രമുഖരെ ക്ഷണിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.ടി.ഐ വക്താവ് ഫവാദ് ചൗധരി ട്വിറ്ററില്‍ കുറിച്ചിരുന്നു.

“വിദേശത്തു നിന്നുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് ശരിയല്ല. ഇക്കാര്യത്തില്‍ വിദേശകാര്യ ഓഫീസുമായി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളൂ.” അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു.


Also Read: ഓഫീസിലെത്തി അദ്വാനിയെ കണ്ട് മമത ബാനര്‍ജി; സ്വാഭാവിക സന്ദര്‍ശനമെന്ന് പ്രതികരണം


തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ഇമ്രാനെ മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ബന്ധത്തില്‍ പുതിയൊരു അദ്ധ്യായം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ഇരു കൂട്ടര്‍ക്കും ഗുണമുണ്ടാകുന്ന തരത്തില്‍ ഇന്ത്യാ-പാക് ബന്ധത്തെ മെച്ചപ്പെടുത്തുമെന്ന് ഇമ്രാന്‍ ഖാനും വിജയാഘോഷ പ്രസംഗത്തിനിടെ സൂചിപ്പിച്ചിരുന്നു.

ജൂലായ് 25നു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. മന്ത്രിസഭ രൂപീകരിക്കാനായി മറ്റു പാര്‍ട്ടികളോടും സ്വതന്ത്രരോടും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സാഫ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more