ഇസ്ലാമാബാദ്: എന്‍.ഡി.എ സര്‍ക്കാരിന്റെ രണ്ടാം വരവില്‍ മോഡിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദിയെ അദ്ദേഹം ഫോണില്‍ വിളിച്ചാണ് അഭിനന്ദനമറിയിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താക്കള്‍ അറിയിച്ചു.
ജനങ്ങളുടെ സമാധാനത്തിനും വളര്‍ച്ചയ്ക്കുമായി ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന ആഗ്രഹമാണ് ഖാന്‍ ആശംസയില്‍ അറിയിച്ചത്. സൗത്ത് ഏഷ്യയുടെ സമാധാനത്തിനും പുരോഗതിക്കും സമ്പല്‍ സമൃദ്ധിക്കും മോദിയുമൊത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം കാത്തിരിക്കുന്നെന്ന് ഖാന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെതന്നെ അറിയിച്ചിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നടന്ന ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പാക്കിസ്ഥാന്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിച്ചിരുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഇന്ത്യാ-പാക് ബന്ധം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് രാജ്യം.
പാക്കിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ക്കനുസരിച്ചായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലേക്കുള്ള വഴി തെളിയുകയെന്ന് മോദി നേരത്തെ ദേശീയമാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ, ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണം രാജ്യത്ത് മോദി അനുകൂല തരംഗം സൃഷ്ടിക്കാന്‍ കാരണമായിരുന്നു.പ്രചാരണ വേളകളിലെല്ലാം മോദിയും ബിജെപിയും ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണം വലിയ പ്രധാനത്തോടെ കൊട്ടിഘോഷിച്ചതുമാണ്.
ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയ ശേഷം മോദിയും പാക് ഭരണകൂടവും തമ്മിലുള്ള ബന്ധം ഒട്ടും ഊഷ്മളമായിരുന്നില്ല. എന്നാല്‍, ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ ഇന്ത്യയില്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് പാകിസ്താന്‍ ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സഹായകരമാകില്ലെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാദം.