| Wednesday, 10th April 2019, 12:14 pm

ഇമ്രാന്‍ ഖാനെ പ്രശംസിക്കണോ വേണ്ടയോ എന്നാലോചിച്ച് മോദി ഭക്തര്‍ തല ചൊറിയുകയാവും; പരിഹാസവുമായി മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബി.ജെ.പിയേയും മോദി ഭക്തരെയും പരിഹസിച്ച് ജമ്മുകാശ്മീരിലെ നേതാക്കളായ മെഹബൂബ മുഫ്തിയും ഉമര്‍ അബ്ദുള്ളയും.

ഭക്തര്‍ ഇപ്പോള്‍ കണ്‍ഫ്യൂഷനിലായിരിക്കുമല്ലോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മെഹബൂബ മുഫ്തി രംഗത്തെത്തിയത്. ” ഇമ്രാന്‍ ഖാന്റെ നടപടിയെ പ്രശംസിക്കണോ അതോ വേണ്ടയോ എന്നാലോചിച്ച് ഭക്തര്‍ ഇപ്പോള്‍ അവരുടെ തല ചൊറിയുന്നുണ്ടാകും.”- എന്നായിരുന്നു മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്.

രാഹുലിന് അനുകൂലമായിട്ടായിരുന്നു ഇമ്രാന്‍ ഖാന്‍ സംസാരിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസിനെതിരെ ഭക്തരുടെ ആക്രമണം ഇതിനകം ഉണ്ടാകുമായിരുന്നല്ലോ എന്നായിരുന്നു ഉമര്‍ അബ്ദുള്ള ചോദിച്ചത്.

”ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി രാഹുല്‍ വരുമായിരുന്നു എന്നാണ് പറഞ്ഞിരുന്നെങ്കില്‍ എല്ലാ ചൗക്കിദാറുകളും കൂടി ചേര്‍ന്ന് രാഹുലിനേയും കോണ്‍ഗ്രസിനേയും ഇപ്പോള്‍ എങ്ങനെയെല്ലാം ആക്രമിക്കുമായിരുന്നു? ആരാണ് ഇവിടെ ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്- എന്നായിരുന്നു ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് ഉമര്‍ അബ്ദുള്ള കുറിച്ചത്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കണമെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് നിരവധി പ്രസംഗങ്ങളില്‍ മോദി ആവര്‍ത്തിച്ചതാണെന്നും ഉമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാണ് അടുത്തതായി വരാന്‍ പോകുന്നതെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

‘ ഒരു പക്ഷേ വലതുപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ജയിക്കുകയാണെങ്കില്‍ കശ്മീരില്‍ വിഷയത്തില്‍ ചില തരത്തിലുള്ള ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാനിടയുണ്ട്.’

‘ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ‘

‘ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഇന്ത്യയിലെ ജീവിതത്തില്‍ നേരത്തെ സന്തുഷ്ടരായിരുന്നു. എന്നാലിപ്പോള്‍ അവര്‍ തീവ്ര ഹിന്ദു ദേശീയത കാരണം അങ്ങേയറ്റം ഭീതിയിലാണ്.’ എന്നും ഖാന്‍ പറഞ്ഞിരുന്നു.

കശ്മീര്‍ ജനതയ്ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന പ്രത്യേക അവകാശം എടുത്തുമാറ്റുമെന്ന് ബി.ജെ.പി കഴിഞ്ഞദിവസം പുറത്തുവിട്ട പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. അത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more