ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‌രീഖ്-ഇ- ഇന്‍സാഫ് അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ മുന്‍ വശത്ത് നിന്നാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പി.ടി.ഐ അഭിഭാഷകനായ ഫൈസല്‍ ചൗധരി അറസ്റ്റ് സ്ഥിരീകരിച്ചു.
ഹൈക്കോടതിയുടെ പരിസരം സുരക്ഷാ ഉദ്യോഗസ്ഥരായ റേഞ്ചേഴ്‌സ് കൈവശപ്പെടുത്തിയിരുന്നുവെന്നും അഭിഭാഷകര്‍ അടക്കം പീഡനത്തിന് വിധേയരാകുകയുമായിരുന്നുവെന്നും പി.ടി.ഐ വൈസ്പ്രസിഡന്റ് ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.
ഇമ്രാന്‍ ഖാന്റെ കാര്‍ വളഞ്ഞിരിക്കുകയാണെന്നും ട്വീറ്ററില്‍ പറയുന്നുണ്ട്.
അതേസമയം റേഞ്ചര്‍മാര്‍ കോടതിക്കുള്ളില്‍ നിന്ന് ഇമ്രാനെ തട്ടിക്കൊണ്ടു പോയെന്ന് പി.ടി.ഐ നേതാവായ അസ്ഹര്‍ മഷ്വാനി ആരോപിച്ചു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ രാജ്യത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തലസ്ഥാന നഗരിയില്‍ 144 സെഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
നിലവില്‍ ഏത് കേസിലാണ് അറസ്റ്റ് ചെയ്തതെന്നുള്ള റിപ്പോര്‍ട്ടുകളും ലഭ്യമല്ല.
കലാപക്കേസിലും വധശ്രമക്കേസിലും കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു ഇമ്രാന്‍ ഖാന്‍. ഖാന്‍ കോടതിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് തന്നെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വളയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് ഗേറ്റ് ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇസ്‌ലാമാബാദ് പൊലീസ് മേധാവി ഉടനെ കോടതിയില്‍ ഹാജരാകണമെന്നും ഏത് കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യകതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കോടതിയിലേക്കുള്ള യാത്രാമധ്യേ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെതിരെ ഇമ്രാന്‍ ഖാന്‍ വീഡിയോ വഴി ആരോപണം ഉന്നയിച്ചിരുന്നു.
കോടതിയിലേക്ക് പോകുന്നതിന് മുമ്പ് സൈനിക ഉദ്യോഗസ്ഥന്‍ തന്നെ കൊല്ലാന്‍ ശ്രിച്ച കാര്യം പറയാന്‍ താന്‍ ആഗ്രഹിക്കുകയാണെന്ന് തുടങ്ങുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
നേരത്തെയും ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ അന്ന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ അറസ്റ്റ് ശ്രമം വെറും നാടകമാണെന്നും യഥാര്‍ത്ഥ ലക്ഷ്യം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തലാണെന്നും ഇമ്രാന്‍ ഖാന്‍ അന്ന് ആരോപിച്ചിരുന്നു.
തോഷാഖാന കേസിലാണ് അന്ന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. പ്രധാനമന്ത്രിയായിരുന്ന സമയത്ത് വില കൂടിയ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നതാണ് തോഷഖാന കേസ്.
content highlight: imran khan arrested