ഇസ്‌ലാമാബാദ്: തോഷഖാന കേസില്‍ തടവിന് ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ പക്ഷപാതപരമായ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഇത് ന്യായമായ നടപടിക്രമത്തിനും വിചാരണക്കും നേരെയുള്ള അടിയാണെന്നും അദ്ദേഹം പറയുന്നു.
ശനിയാഴ്ചയാണ്, തോഷഖാന കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും മൂന്ന് വര്‍ഷം തടവിന് വിധിക്കുകയും ചെയ്തത്. നിലവില്‍ അറ്റോക്ക് ജയിലില്‍ കഴിയുകയാണ് അദ്ദേഹം. തന്റെ അഭിഭാഷകരായ ഖവജ ഹാരിസ്, ഗോഹര്‍ അലി ഖാന്‍ എന്നിവര്‍ മുഖേനയാണ് വിധിക്കെതിരെ ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ഖാന്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ജഡ്ജി നിഗമനത്തില്‍ എത്തിയതെന്ന് ഹരജിയില്‍ ഖാന്‍ പറയുന്നു. വിചാരണ കോടതിയുടെ വിധി പക്ഷപാതപരമാണെന്നും റദ്ദാക്കണമെന്നും ഖാന്‍ ആവശ്യപ്പെട്ടു. ഹരജിക്കാരന് വാദിക്കാന്‍ അവസരം നല്‍കാതെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍ ജഡ്ജ് ഹുമയുന്‍ ദില്‍വാര്‍ അഭിഭാഷകന്‍ ഹാരിസിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹരജിയില്‍ പറയുന്നു.
വിചാരണ കോടതി വിധി നടപടിക്രമങ്ങളുടെയും ന്യാമായ വിചാരണയുടെയും മുഖത്തേറ്റ അടിയാണെന്നും ഹരജിയില്‍ പറയുന്നു. വിധി നേരത്തെ തന്നെ എഴുതി വെച്ചിരുന്നെന്നും അതുകൊണ്ടാണ് ഹ്രസ്വ ഉത്തരവിലൂടെ 35 പേജുള്ള വിധി 30 മിനിട്ടുകൊണ്ട് പ്രഖ്യാപിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം ഹരജിയില്‍ ആരോപിക്കുന്നു.
കേസില്‍ ഇസ്‌ലാമാബാദ് ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷണറെ പ്രതിയാക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജിയില്‍ കോടതി ബുധനാഴ്ച വാദം കേള്‍ക്കുമെന്ന് പാകിസ്ഥാന്‍ തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി അറിയിച്ചു. ഇമ്രാന്‍ ഖാന് എ ക്ലാസ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സമര്‍പ്പിച്ച ഹരജി കോടതി പരിഗണിച്ചിരുന്നു. ജയിലില്‍ ഖാനെ കാണാന്‍ അഭിഭാഷകര്‍ക്ക് പ്രത്യേക അനുമതിയും നല്‍കി. ജയിലില്‍ ഖാനെ കാണേണ്ട രണ്ട് അഭിഭാഷകരുടെ പേരുകള്‍ നല്‍കാനും കോടതി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു.
2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പദവി ദുരുപയോഗം ചെയ്ത് വിദേശസന്ദര്‍ശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം വിലമതിക്കുന്നതുമായ സമ്മാനങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതതയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായാണ് അദ്ദേഹത്തിനെതിരായ ആരോപണം.
Content Highlights: Imran Khan appeals his conviction in Toshakhana case