ഇസ്‌ലാമാബാദ്: പാര്‍ട്ടി പുനസംഘടന പ്രഖ്യാപിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി പുനസംഘടിപ്പിക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.
വരാനിരിക്കുന്ന പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് പാര്‍ട്ടി പുനസംഘടിപ്പിക്കാന്‍ ചെയര്‍മാന്‍ കൂടിയായ ഇമ്രാന്‍ ഖാന്റെ തീരുമാനം.
പുനസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചാബ് പ്രവിശ്യയിലെ പാകിസ്ഥാന്‍ പ്രൊവിന്‍ഷ്യല്‍ അസംബ്ലി അംഗങ്ങളുടെ (എം.പി.എ) ഒരു യോഗം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. ഞായറാഴ്ചയായിരുന്നു യോഗം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ യോഗത്തില്‍ അദ്ദേഹം അംഗങ്ങളോട് ആഹ്വാനം ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ചൗധരി പര്‍വേസ് ഇലാഹി, മുന്‍ ഫെഡറല്‍ മിനിസ്റ്റര്‍ മൂനിസ് ഇലാഹി എന്നിവരുമായും ഇമ്രാന്‍ ഖാന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി.
റിപ്പോര്‍ട്ട് പ്രകാരം പ്രൊവിന്‍ഷ്യല്‍ കാബിനറ്റ് രൂപീകരണം സംബന്ധിച്ചാണ് ഇവര്‍ ചര്‍ച്ച നടത്തിയത്.
നേരത്തെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പി.ടി.ഐ വന്‍ വിജയമായിരുന്നു നേടിയത്. ഷെഹബാസ് ഷെരീഫിന്റെ പി.എം.എല്‍.എന്നിനെ വലിയ മാര്‍ജിനിലായിരുന്നു പി.ടി.ഐ പരാജയപ്പെടുത്തിയത്.
20 സീറ്റുകളുള്ള പഞ്ചാബ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പി.ടി.ഐക്ക് 15 സീറ്റുകള്‍ ലഭിച്ചപ്പോള്‍ പി.എം.എല്‍- എന്നിന് വെറും നാല് സീറ്റുകള്‍ മാത്രമാണ് നേടാനായത്.