ഷെഫീഖിന്റെ ആരോഗ്യത്തില്‍ പുരോഗതി; ജീവന്‍ രക്ഷിക്കാന്‍ 40 ശതമാനം സാധ്യത: മെഡിക്കല്‍ ബുള്ളറ്റിന്‍
Kerala
ഷെഫീഖിന്റെ ആരോഗ്യത്തില്‍ പുരോഗതി; ജീവന്‍ രക്ഷിക്കാന്‍ 40 ശതമാനം സാധ്യത: മെഡിക്കല്‍ ബുള്ളറ്റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st July 2013, 10:38 am

[]കുമളി: പിതാവിന്റേയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദ്ദനത്തിനിരയായ ഷെഫീഖിന്റെ ആരോഗ്യത്തില്‍  പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍.

കുട്ടി രക്ഷപ്പെടാന്‍ 40ശതമാനം സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അണുബാധയും കുറഞ്ഞിട്ടുണ്ട്. []

വെന്റലേറ്ററിന്റെ സഹായമില്ലാതെ ഷെഫീഖ് ശ്വസിച്ച് തുടങ്ങിയിരുന്നു. വെന്റിലേറ്ററിന്റെ സഹായം ഘട്ടം ഘട്ടമായി കുറക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

ശരീരമാസകലം പൊള്ളലും മര്‍ദ്ദനവുമേറ്റ പാടുകളുമായാണ് ഷെഫീഖിനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തുന്ന സമയത്ത് കുട്ടിക്ക് പകുതി ബോധം മാത്രമേ ഉണ്ടായിരുന്നുള്ളു. ചെറിയൊരു അപകടം പറ്റിയതാണെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.

എന്നാല്‍ ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ ശ്രമിച്ചു. അര്‍ധ ബോധാവസ്ഥയിലായിരുന്ന കുട്ടി തന്നെയാണ് മാതാപിതാക്കള്‍ക്കെതിരെ മൊഴി കൊടുത്തത്.

തുടര്‍ന്ന് പോലീസ് ഷെരീഫിനേയും ഭാര്യ അനീഷയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഐസ്‌ക്രീം വില്‍പന നടത്തുന്ന ചെങ്കര പുത്തന്‍പുരയ്ക്കല്‍ ഷെരീഫിന്റെ ആദ്യ ഭാര്യയിലുള്ള രണ്ട് കുട്ടികളില്‍ ഇളയവനാണ് ഷെഫീക്.

അതേസമയം, കുട്ടിയുടെ രക്ഷിതാക്കളെ പോലീസ് ഇന്ന് കുമളിയിലെത്തിച്ച് തെളിവെടുക്കും. ഷെഫീഖിന്റെ സഹോദരന്‍ ഷെഫിനെ മര്‍ദ്ദിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അനീഷ തന്നെ തീപ്പൊള്ളിച്ചതായും ആഹാരം നല്‍കിയിരുന്നില്ലെന്നും ഷെഫിന്‍ ഇന്നലെ പറഞ്ഞിരുന്നു. അനീഷയേയും ഷെരീഫിനെയും കുമളി ഒന്നാം മൈലിലിലും ചെങ്കരയിലുമെത്തിച്ച് തെളിവെടുക്കും.