| Saturday, 4th April 2020, 10:55 am

'ഞങ്ങള്‍ ഇവിടെ സുരക്ഷിതര്‍' കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നേപ്പാള്‍ സ്വദേശികളായ ഹോട്ടല്‍ തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയറിയിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നേപ്പാളി യുവാക്കള്‍. കോഴിക്കോട്ടെ കാരശ്ശേരിയിലെ ഹോട്ടല്‍ തൊഴിലാളികളായ മൂന്ന് നേപ്പാളി സ്വദേശികളാണ് തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വെച്ച് 10000 രൂപ സംഭാവന നല്‍കിയത്.

രജ്ജീത് കെ.സി, കുമാര്‍ ബുദ മഗര്‍,ഗോപാല്‍ ബുദ മഗര്‍ എന്നീ മൂന്ന് പേരാണ് സംഭാവന നല്‍കിയത്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ കേരളത്തില്‍ ലഭിക്കുന്ന കൊവിഡ് ചികിത്സയില്‍ അഭിനന്ദന സൂചകമായാണ് ഇവര്‍ സംഭാവന നല്‍കിയത്.

മൂവരും കാരശ്ശേരിയിലെ അംവജ് ഹോട്ടലിലെ തൊഴിലാളികളാണ്. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചതിനാല്‍ സഹപ്രവര്‍ത്തകര്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇവര്‍ ഇവിടെ തങ്ങുകയായിരുന്നു. ഹോട്ടലിന്റെ അടുക്കള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരശ്ശേരി പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി അടുക്കള ആക്കിയപ്പോള്‍ ഇവര്‍ ഇവിടത്തെ ജോലിക്കാരായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇവിടെ സുരക്ഷിതരാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആശുപത്രി ചികിത്സ മുതല്‍ അവശ്യവസ്തുക്കളുടെ വിതരണം ചെയ്യുന്നത് വരെ എല്ലാ മേഖലകളിലും അധികാരികളുടെ ഇടപെടല്‍ പ്രകടമാണ്. ഒപ്പം ഞങ്ങളെ കൂടാതെ മൂന്ന് പേരെ കൂടിയും ജോലിക്കെടുത്തിട്ടുണ്ട്,’ മൂവരിലൊരാളായ രജ്ജീത് പറഞ്ഞു.

നേപ്പാളിലെ സല്യാണ്‍ ജില്ലയില്‍ നിന്നാണ് രജജീത് വരുന്നത്. മറ്റ് രണ്ട് പേരും രുകും ജില്ലയില്‍ നിന്നും. രണ്ടു വര്‍ഷമായി മൂവരും കാരശ്ശേരിയിലെ ഹോട്ടലിലാണ് ജോലിചെയ്യുന്നത്. ഇവരുള്‍പ്പെടെ 13 പേരാണ ഇവിടെ മറ്റു നാടുകളില്‍ നിന്ന് ജോലിക്കുണ്ടായിരുന്നത്. 10 പേര്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങി. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, ഹോട്ടലുടമ എം.പി ഹനീഫ, എന്നിവരുടെ സാന്നിധ്യത്തില്‍ ഇരുവരും സംഭാവന കൈമാറി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more