ബംഗലൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഹിന്ദു സേന പ്രവര്‍ത്തകന്‍ നവീന്‍കുമാര്‍ എഴുത്തുകാരനായ കെ.എസ് ഭഗവാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്.
ഗൗരി ലങ്കേഷിനെ വധിച്ച രീതിയില്‍ മതിപ്പുതോന്നിയ ഹിന്ദുസേന ഭഗവാനെ കൊല്ലാനുളള ചുമതലയും നവീന്‍ കുമാറിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് വേണ്ടി കൈവശം വെച്ച തോക്കും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
കൊലനടത്താന്‍ മൈസൂരിലെ ഭഗവാന്റെ വീടിന് മുന്നില്‍ ഇയാള്‍ സംഘാംഗങ്ങളുമായി ചേര്‍ന്ന് റിഹേഴ്‌സല്‍ നടത്തിയെന്നും പൊലീസ് പറയുന്നു.
തീവ്ര ഹിന്ദുത്വത്തിനെതിരെ വിമര്‍ശനം നടത്തുകയും എഴുത്തുകളിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന പ്രമുഖ കന്നഡ എഴുത്തുകാരനാണ് കെ.എസ് ഭഗവാന്‍. മൈസൂര്‍ സര്‍വകലാശാലയിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ കൂടിയാണ് ഇദ്ദേഹം. ഗൗരി ലങ്കേഷ് വധത്തിന് ശേഷം കര്‍ണാടക പൊലീസ് കെ.എസ് ഭഗവാന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഗൗരി ലങ്കേഷിനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നവീനെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കാനും പൊലീസ് തീരുമാനിച്ചു.
മുന്‍പ് നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് സമ്മതമില്ലെന്ന് ഇയാള്‍ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് മുന്‍പാകെ ഇതിനുളള സമ്മതം നവീന്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ബംഗളൂരു മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നവീന്‍ കുമാറിന്റെ കസ്റ്റഡി കാലാവധി മാര്‍ച്ച് 26 വരെ നീട്ടിയിട്ടുണ്ട്.
ചിക്കമംഗളൂരു സ്വദേശിയായ ഇയാള്‍ക്ക് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും അടുത്തബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കാനായാല്‍ കല്‍ബുര്‍ഗി, പന്‍സാരെ വധക്കേസുകളും തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം കെ.എസ് ഭഗവാനെ വധിക്കാന്‍ ശ്രമിച്ചതിന് കൂടി പ്രതിക്കെതിരെ കുറ്റം ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ച കൂടി വൈകിയിരുന്നെങ്കില്‍ കെ.എസ് ഭഗവാന്‍ കൊല്ലപ്പെടുമായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
അനധികൃതമായി ആയുധം കൈവശം കേസില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഇയാളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഗൗരി ലങ്കേഷ് കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.
2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടുമണിക്കാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ സ്വവസതിക്ക് മുന്‍പില്‍ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.