ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്ന ആരോപണം ശക്തമായിരുന്നു. കോടിക്കണക്കിന് രൂപ എം.എല്‍.എമാര്‍ക്ക് ഓഫര്‍ ചെയ്ത് ബി.ജെ.പി കുതിരക്കച്ചവടം നടത്തിയതിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടടക്കം പറഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
എം.എല്‍.എമാരെ പണം നല്‍കി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തുന്നതിലൂടെ സര്‍ക്കാര്‍ ഖജനാവിന് നല്ലൊരു വരുമാനം ഉണ്ടാക്കിക്കൂടെയെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ഇന്ധനവില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താന്‍ ഈ വഴി സ്വീകരിച്ചാല്‍ പോരെയെന്നും ഫേസ് ബുക്ക് കുറിപ്പില്‍ തരൂര്‍ പരിഹസിച്ചു.
‘സര്‍ക്കാര്‍ വരുമാനത്തിനായി വളരെയധികം ആഗ്രഹിക്കുന്നുവെങ്കില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം, എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്നതിനാല്‍ അതിന് ജി.എസ്.ടി ചുമത്തി കൂടുതല്‍ പണം കണ്ടെത്തിക്കൂടെ?’ എന്നായിരുന്നു തരൂരിന്റെ ചോദ്യം.