ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മറ്റൊരു തോല്‍വി കൂടി ഇരന്നുവാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 18 ഓവറിന് മുമ്പ് തന്നെ ഓള്‍ ഔട്ടായിരുന്നു. 118 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിനെ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടി. 37 പന്ത് ബാക്കി നില്‍ക്കവെയായിരുന്നു ടൈറ്റന്‍സ് വിജയത്തിലേക്ക് നടന്നുകയറിയത്. ശേഷിക്കുന്ന ഡെലിവെറികളുടെ അടിസ്ഥാനത്തില്‍ എസ്.എം.എസ്സിലെ രാജസ്ഥാന്റെ ഏറ്റവും വലിയ പരാജയമാണിത്.
യഥാര്‍ത്ഥത്തില്‍ രാജസ്ഥാന്‍ ഈ പരാജയം ചോദിച്ചു വാങ്ങിയതാണ്. ബാറ്റിങ് ഓര്‍ഡറിലെയും പ്ലെയിങ് ഇലവനിലെയും പരീക്ഷണങ്ങള്‍ സംഗക്കാരയെയും സഞ്ജുവിനെയും തിരിഞ്ഞുകൊത്തുകയായിരുന്നു.
ഫോമിലല്ലാത്ത ബാറ്റര്‍മാര്‍ക്ക് വീണ്ടും വീണ്ടും അവസരം നല്‍കിയാണ് രാജസ്ഥാന്‍ തങ്ങളുടെ ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റിനെ പുറകോട്ടടിച്ചത്. പല താരങ്ങളും ഫോം ഔട്ടിലാണെന്ന വസ്തുത മനസിലാക്കി ബെഞ്ച് സ്‌ട്രെങ്ത്തിനെ ഉപയോഗിക്കാന്‍ രാജസ്ഥാന്‍ ഇനിയെങ്കിലും തയ്യാറാവണം.
കഴിവുറ്റ താരങ്ങളെ ബെഞ്ചിലിരുത്തി വേരിറക്കുന്ന നടപടിയാണ് രാജസ്ഥാന്‍ തുടര്‍ന്നുപോരുന്നത്. ആദ്യ പത്ത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇംപാക്ട് പ്ലെയറായി പോലും കളത്തിലെത്താന്‍ സാധിക്കാതെ പോയ കഴിവുറ്റ നിരവധി താരങ്ങളാണ് റോയല്‍സിന്റെ ബെഞ്ചിലുള്ളത്. അതില്‍ പ്രധാനിയാണ് ഫ്യൂച്ചര്‍ ലെജന്‍ഡ് ജോ റൂട്ട്.
ഫോമിലല്ലാത്ത ജോസ് ബട്‌ലറിന് പകരക്കാരനായോ അല്ലാതെയോ ജോ റൂട്ടിനെ കളിപ്പിക്കാന്‍ രാജസ്ഥാന്‍ ഇനിയും തയ്യാറാകുന്നില്ല എന്ന വസ്തുത ആരാധകരെ ഏറെ നിരാശരാക്കുന്നുണ്ട്. ടി-20യില്‍ തന്നെക്കൊണ്ട് പലതും ചെയ്യാന്‍ സാധിക്കുമെന്ന് റൂട്ട് ഇതിനോടകം തന്നെ പലകുറി തെളിയിച്ചതാണ്.
ഐ.പി.എല്ലിന് തൊട്ടുമുമ്പ് നടന്ന ഐ.ല്‍ ടി-20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് റൂട്ട് നടത്തിയത്. ദുബായ് ക്യാപ്പിറ്റല്‍സിന് വേണ്ടി ബാറ്റേന്തിയ താരം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്നു.
നാല് മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന് വേണ്ടി കളിച്ച റൂട്ട് 53.50 എന്ന ശരാശരിയില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് അര്‍ധ സെഞ്ച്വറികളുള്‍പ്പെടെയാണ് താരം റണ്‍സ് നേടിയത്.
മുംബൈ ഇന്ത്യന്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ എം.ഐ എമിറേറ്റ്‌സിനെതിരായ മത്സരത്തിലാണ് റൂട്ട് തന്റെ സ്‌ഫോടനാത്മക പ്രകടനം പുറത്തെടുത്തത്. 54 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 82 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. 151.85 ആണ് മത്സരത്തില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ടൂര്‍ണമെന്റില്‍ ഇതിന് മുമ്പ് നടന്ന മത്സരങ്ങളിലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ റൂട്ടിന് സാധിച്ചിട്ടുണ്ട്. മോയിന്‍ അലിയുടെ ഷാര്‍ജ വാറിയേഴ്സിനെതിരെ 54 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 80 റണ്‍സും ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.
റൂട്ടിനെ പോലെ ബെഞ്ചിലിരിക്കുന്ന മറ്റൊരു സൂപ്പര്‍ താരമാണ് ഡോണോവാന്‍ ഫെരാരിയ. ടി-20യില്‍ മികച്ച സ്റ്റാറ്റ്‌സുള്ള താരത്തിന് മധ്യനിരയില്‍ ഹെറ്റിയുടെ പകരക്കാരനാകാന്‍ സാധിക്കുമെന്നുറപ്പാണ്.
ഇതുവരെ 37 മത്സരത്തിലെ 31 ഇന്നിങ്‌സുകളില്‍ നിന്നുമായി 703 റണ്‍സാണ് താരം സ്വന്തമാക്കിയത്. 31.95 എന്ന ശരാശരിയിലും 148.94 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്. ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ20യില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനായി തകര്‍പ്പന്‍ പ്രകടനമാണ് ഫെരാരിയ കാഴ്ചവെച്ചത്.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ ബൗളിങ് യൂണിറ്റിലെ വിശ്വസ്തനായ ഒബെഡ് മക്കോയ്ക്കും ഈ സീസണില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിട്ടില്ല എന്നതും സങ്കടകരമായ വസ്തുതയാണ്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആദ്യ സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ മത്സരങ്ങള്‍ പുരോഗമിക്കവെ താഴേക്കിറങ്ങുകാണ്. പ്ലേ ഓഫ് ഉറപ്പാക്കണമെങ്കില്‍ പരീക്ഷണത്തിന് മുതിരാതെ മികച്ച പ്ലെയിങ് ഇലവനെ തന്നെ കളത്തിലിറക്കേണ്ടി വരും.
Content Highlight: Important changes Rajasthan Royals need to make in IPL