അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുത വിളക്കും തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായി എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്.
ബോംബെയില്‍ ഫാര്‍മസി നടത്തുന്ന പ്രശാന്ത് എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ലേല എന്ന പ്രായമായ സ്ത്രീ കടന്നുവരുന്നതും തുടര്‍ന്ന് നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
ഇതിനൊപ്പം ടോക്‌സിക് റിലേഷന്‍ഷിപ്പുകളെ പറ്റിയും ചിത്രത്തില്‍ പറയുന്നുണ്ട്. ചില ‘ആണ്‍ ബോധ്യങ്ങള്‍’ കാരണം പ്രണയത്തില്‍ പരാജയപ്പെട്ടു പോയ ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയാണ് പ്രശാന്ത്. കാമുകിയുടെ പേഴ്‌സണല്‍ സ്‌പേസിലേക്കും വ്യക്തിപരമായ ഇഷ്ടങ്ങളിലേക്കും സുഹൃദ് ബന്ധങ്ങളിലേക്കും കൈ കടത്താന്‍ ശ്രമിച്ചതാണ് അയാള്‍ക്ക് പറ്റിയ തെറ്റ്. ഉള്ളിലെവിടെയോ തന്റെ തെറ്റാണെന്ന തിരിച്ചറിവ് പ്രശാന്തിനുണ്ട്. എന്നാല്‍ അയാളിലെ ടോക്‌സിക്കായ ആണ്‍ ബോധം അത് സമ്മതിച്ച് കൊടുക്കാന്‍ തയാറാവുന്നില്ല.