| Tuesday, 30th May 2023, 11:34 pm

ത്രിശങ്കുവിനെ ലൈറ്റാക്കുന്ന കോമഡി ട്രാക്കുകള്‍; നൂലാമാലാ പാലവും ഡാപ്പര്‍ മാമയും ഹിറ്റാക്കിയത് ജയ് ഉണ്ണിത്താന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകനും നായികയും ഒളിച്ചോടാന്‍ തീരുമാനിച്ച ദിവസത്തില്‍ തന്നെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ത്രിശങ്കു എന്ന സിനിമ മുന്നേറുന്നത്. ഇതോടെ കുടുങ്ങി പോയ സേതുവും മേഘയും തങ്ങളുടെ പ്ലാന്‍ താല്‍ക്കാലികമായി ഉപേക്ഷിക്കുകയാണ്. പിന്നെ സേതുവിന്റെ രണ്ട് അമ്മാവന്മാരോടൊപ്പം ഇരുവരും മംഗലാപുരത്തേക്ക് വണ്ടി കയറുകയാണ്.

ഇവര്‍ കാമുകി-കാമുകന്മാരാണെന്ന് അമ്മാവന്മാര്‍ക്ക് അറിയുകയുമില്ല. ഗുരുതരമായ പ്രശ്‌നങ്ങളിലൂടെ പോകുന്ന കഥാപാത്രങ്ങളെ കോമഡിയിലൂടെ അവതരിപ്പിക്കുകയാണ് ത്രിശങ്കു. പഴയ മലയാളം സിനിമകളില്‍ പ്രത്യേകിച്ചും പ്രിയദര്‍ശന്‍ സിനിമകളില്‍ കാണുന്ന പാറ്റേണിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രത്തിന്റെ ഈ വൈബിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ജയ് ഉണ്ണിത്താന്‍ ഈണം നല്‍കിയ പാട്ടുകള്‍. ചിത്രത്തിന്റെ പേസിനൊപ്പം ഫാസ്റ്റ് ട്രാക്കുകളും സ്ലോയായ പാട്ടുകളും ജയ് ഒരുക്കിയിട്ടുണ്ട്. വളരെ ലൈറ്റായി കോമഡി മൂഡിനോട് ചേര്‍ന്നാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

നൂലാമാല പാലവും, ഡാപ്പര്‍ മാമയും ഫാസ്റ്റ് ട്രാക്കാവുമ്പോള്‍ ചിത്രത്തിന്റെ തുടക്കത്തില്‍ സ്ലോ പേസിലുള്ള ഒരു പാട്ടുമെത്തുന്നുണ്ട്. വളരെ സീരിയസായ കഥാപാത്രങ്ങള്‍ക്കിടയില്‍ ആശങ്കയും സങ്കടവും തുളുമ്പി നില്‍ക്കുന്ന ഈ രംഗം കാണുമ്പോള്‍ പ്രേക്ഷകര്‍ ചിരിക്കുന്നുണ്ടെങ്കില്‍ അതില്‍ പശ്ചാത്തലമായി വരുന്ന പാട്ട് വലിയ പങ്ക് വഹിക്കുന്നുണ്ട്.

ചിത്രത്തിലെ ഇമോഷണല്‍ രംഗങ്ങളുള്‍പ്പെടെ കാണുമ്പോള്‍ ചിരി വരും. ഒരു കുടുക്ക് അഴിക്കാന്‍ നോക്കുമ്പോള്‍ കൂടുതല്‍ ഊരാക്കുടുക്കിലേക്കാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ പോകുന്നത്.

മംഗലാപുരത്തേക്കുള്ള ബസ് യാത്രയും ലോഡ്ജിലെ താമസവും പബ്ബിലെ ഡാന്‍സുമൊക്കെ ചേര്‍ന്ന് ഒരു ഫണ്‍ എന്റര്‍ടെയ്നര്‍ മോഡിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തിന്റെ മോഡ് സെറ്റ് ചെയ്യുന്നതില്‍ ജയ് ഉണ്ണിത്താന്റെ സംഗീതം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Content Highlight: importance of music in thrishanku movie

We use cookies to give you the best possible experience. Learn more