എന്തുകൊണ്ട് ദേവസ്വം ക്ഷേത്രങ്ങള്‍ നിലനില്‍ക്കണം; സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നു
Kerala News
എന്തുകൊണ്ട് ദേവസ്വം ക്ഷേത്രങ്ങള്‍ നിലനില്‍ക്കണം; സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th November 2018, 9:28 pm

കോഴിക്കോട്: ശബരിമല വിധിക്കെതിരായ സമരത്തിന്റെ മറവില്‍ ദേവസ്വം ക്ഷേത്രങ്ങള്‍ക്കെതിരായ സംഘപരിവാര്‍ പ്രചരണങ്ങളെ പ്രതിരോധിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലെ സുതാര്യതയും സമാധാനന്തരീക്ഷവും എടുത്തു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപാനന്ദ ഗിരി ഇക്കാര്യം വിശദീകരിക്കുന്നത്.

ഭക്തര്‍ക്ക് ശാന്തിയും സമാധാനവും ലഭിക്കേണ്ട ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല എന്ന നിലപാട് ദേവസ്വം സീകരിച്ചത് മുതലാണ് ദേവസ്വത്തിനെതിരെ ഭക്തി കച്ചവടമാക്കിയ സ്വകാര്യ ക്ഷേത്രങ്ങളെ കൂട്ടുപിടിച്ച് വ്യാപകമായ വ്യാജ പ്രചരണങ്ങള്‍ സംഘപരിവാര്‍ നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഭക്തര്‍ ഇത് തള്ളിക്കളയുമെന്നും സന്ദീപാനന്ദ ഗിരി പറയുന്നു.

1. വലിപ്പചെറുപ്പമില്ലാതെ ഏതൊരു ഹിന്ദുവിനും തുല്യ അവകാശമുള്ള ക്ഷേത്രങ്ങളാണവ

2. ബഹു ഹൈകോടതിയുടെ നീരിക്ഷണത്തില്‍ നടവരവ് പണം ക്ഷേത്ര കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു

3. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായി ജാതിയുടെയും ധനത്തിന്റെയും അടിസ്ഥാനമില്ലാതെ നിത്യസന്ദര്‍ശകനായ ഭക്തന് ക്ഷേത്ര ഉപദേക സമിതിയില്‍ അംഗമാകാനുള്ള സ്വാതന്ത്ര്യം

4.നിരവധി മഹാക്ഷേത്രങ്ങള്‍ അവയെല്ലാം പരശുരാമന്‍ തുടങ്ങി മഹായോഗികള്‍ പ്രതിഷ്ഠ കഴിച്ചവ … (ഇന്നലത്തെ മഴയില്‍ കിളിര്‍ത്തവയല്ല)

5. നിത്യപൂജയ്കായ് താന്ത്രിക വിഷയങ്ങളില്‍ പരിജ്ഞാനമുള്ള ആയിരക്കണക്കിന് വൈദികശ്രേഷ്ഠര്‍ ( PSC മാതൃകയില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ച് വിവിധ പരീക്ഷകളിലൂടെയും തന്ത്രിശ്രേഷ്ഠരടങ്ങിയ ഇന്റര്‍വ്യൂ പാസായും വന്നവര്‍.
അഭ്യസ്ഥവിദ്യര്‍ മറ്റേത് ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ ? യോഗ്യതയുള്ളവരെ കണ്ടേത്തി നിയമിക്കുന്നത് )

6 . ക്ഷേത്ര കലാപീഠത്തില്‍ നിന്നും പഠിച്ചിറങ്ങിയ പരിചയ സമ്പന്നരായ വാദ്യകലാകാരന്‍മാര്‍

7.കൂടോത്രം ശത്രുസംഹാര ഹോമം തുടങ്ങിയ ദുര്‍മന്ത്രവാദ ക്രിയകള്‍ ഇല്ലാത്തതും ശുദ്ധ സ്വാത്വിക പൂജാ സമ്പ്രദായങ്ങള്‍ അനുവര്‍ത്തിക്കുന്നതുമായപുണ്യയിടങ്ങളാണിവ …..

8.ഭക്തര്‍ കഴിക്കുന്ന വഴിപാടുകള്‍ക്ക് കൃത്യമായ രസീതു നല്‍കുന്നവയും അനാവിശ്യ പണപ്പിരിവുകള്‍ ഇല്ലാത്തവയുമാണിവക്രമവിരുദ്ധമായ സാഹചര്യങ്ങള്‍ ഭക്തര്‍ക്ക് പറയുവാന്‍ സുസജ്ജമായ വിജിലന്‍സ് സംവിധാനം .

9 .കുടുംബ ക്ഷേത്രമാണ് ഏതൊരു ഹിന്ദുവിനും ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രം അതുകഴിഞ്ഞാല്‍ എന്റെത് എന്ന് പറയാവുന്ന ഗ്രാമ-ദേശ ക്ഷേത്രങ്ങളാണിവയെല്ലാം

10 .ഹൈന്ദവഐക്യത്തിന്റെയും മതമൈത്രിയുടെയും വിളനിലങ്ങളാണിന്നിവ