[]ന്യൂദല്‍ഹി: രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ പ്രധാനമന്ത്രിക്ക് പെട്രോള്‍ മന്ത്രി വീരപ്പമൊയ്‌ലിയുടെ ഉപദേശം.
അമേരിക്ക കോപിച്ചാലും കുഴപ്പമില്ല, ഇറാനില്‍ നിന്നും കുറഞ്ഞ ചിലവില്‍ എണ്ണ ഇറക്കുമതി ചെയ്യണം. എന്നാണ് വീരപ്പമൊയ്‌ലി മന്‍മോഹന്‍സിങ്ങിന് നല്‍കിയിരിക്കുന്ന ഉപദേശം.[]
ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്താല്‍ ഇന്ത്യക്ക് കുറഞ്ഞത് 57000 കോടിയെങ്കിലും ലാഭിക്കാമെന്നാണ് വീരപ്പമൊയ്‌ലി പറയുന്നത്. പ്രധാനമന്ത്രിക്കും ധനമന്ത്രി ചിദംബരത്തിനും അയച്ച കത്തിലാണ് വീരപ്പമൊയ്‌ലി ഇക്കാര്യം പറയുന്നത്.
നിലവില്‍ ഇറാനില്‍ നിന്നും രണ്ട് മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അതിന്റെ കൂടെ 11 മില്യണ്‍ കൂടി ഇറക്കുമതി ചെയ്താല്‍ 8.5 ബില്യണ്‍ ഡോളര്‍(57000 കോടി) ലാഭിക്കാം. വീരപ്പമൊയ്‌ലി പറയുന്നു.
ഇറാന്‍ ആണവ പരീക്ഷണവുമായി മുന്നോട്ട് പോകാന്‍ തുടങ്ങിയതോടെയാണ് ഇറാന് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നതടക്കമുള്ള പ്രവര്‍ത്തനുങ്ങളുമായി യു.എസ്സും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയത്.
ഇതിന്റെ ഭാഗമായി ഇന്ത്യക്ക് മേലും അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ 26.5 ശതമാനമായി കുറച്ചു. കഴിഞ്ഞ വര്‍ഷം 18.1 മില്യണ്‍ ടണ്‍ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത് 13.1 മില്യണ്‍ ടണ്ണാണ്.