ഭോപ്പാല്‍: കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ശേഷം മധ്യപ്രദേശില്‍ അഞ്ച് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ ‘ഞങ്ങള്‍ കര്‍ണാടകയില്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിച്ചു. ഇനി മധ്യപ്രദേശിലും പാലിക്കും’എന്ന കാപ്ഷനോട് കൂടിയാണ് വാഗ്ദാനങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍, എല്ലാ മാസവും സ്ത്രീകള്‍ക്ക് 1500 രൂപ, 100 യൂണിറ്റ് സൗജന്യ വൈദ്യുതി- 200 യൂണിറ്റ് വരെ പകുതി പൈസ, കാര്‍ഷിക വായ്പ എഴുതിത്തള്ളും, പഴയ പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കും
എന്നിവയാണ് ഇന്ന് പ്രഖ്യാപിച്ച പദ്ധതികള്‍.
അതേസമയം, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ജൂണ്‍ 12ന് ജബല്‍പൂറില്‍ വെച്ച് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ് ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
‘കമല്‍ നാഥിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഞങ്ങള്‍ നേരിടും. അദ്ദേഹമായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി,’ സിങ് പറഞ്ഞു.
2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ 2020ല്‍ കമല്‍ നാഥ് സര്‍ക്കാരിനെ ബി.ജെ.പി അട്ടിമറിയിലൂടെ താഴെയിറക്കിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയും എം.എല്‍.എമാരും കൂറു മാറിയതിനെത്തുടര്‍ന്നാണ് മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലെത്തിയത്.
content highlight: Implementation of promises in Karnataka; will be implemented in Madhya Pradesh; With five promises