Advertisement
CAA Protest
'പ്രതിഷേധങ്ങള്‍ ഇനിയും ഉയരും, പൗരത്വ രജിസ്റ്റര്‍ ഇന്ത്യയെ കലാപ ഭൂമിയാക്കും, ജനം നിങ്ങളെ തള്ളിപ്പറയും', ദല്‍ഹി മുന്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 20, 04:07 am
Friday, 20th December 2019, 9:37 am

ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയെ കലാപ ഭൂമിയാക്കുമെന്നും തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ദല്‍ഹി മുന്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ്. ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സിലര്‍കൂടിയായിരുന്ന നജീബ് ജംഗ് ബി.ജെ.പിക്ക് അനുകൂല നിലപാടുകളാണ് മുമ്പ് സ്വീകരിച്ചിരുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജാമിഅയുടെ സ്ഥാപകര്‍ ഗാന്ധിജി അടക്കമുള്ള സ്വാതന്ത്ര്യ സമര പോരാളികളാണെന്നും ദേശീയതയുടെ പാരമ്പര്യമുള്ള സര്‍വകലാശാലയാണ് ജാമിഅ മില്ലിയ ഇസ്‌ലാമിയയെന്നും അദ്ദേഹം പറഞ്ഞു. ഈ പാരമ്പര്യം അറിയാത്തവരാണ് ജാമിഅയുടെ പ്രതിഷേധങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം കൊടുക്കുന്നത്. എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരെ ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത് ഈ നിയമങ്ങള്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ക്ക് കടക വിരുദ്ധമാണ് എന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രതിഷേധങ്ങള്‍ ഇനിയും ഉയരും. പതിനായിരങ്ങള്‍ എന്‍.ആര്‍.സി പ്രക്രിയയെ തള്ളിപ്പറഞ്ഞ് തെരുവിലിറങ്ങും. ഫെഡറല്‍ സംവിധാനത്തിലുറച്ച് നിന്ന് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനത്തെ വെല്ലുവിളിക്കും. എവിടെയാണ് തടങ്കല്‍ പാളയങ്ങള്‍ പണിയുക? എന്താണ് അതിന്റെ ചെലവ്? എത്രപേരെ അതിനുവേണ്ടി ഉപയോഗിക്കും?’, നജീബ് ജംഗ് ലേഖനത്തില്‍ ചോദിച്ചു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും സുപ്രീം കോടതി കൈയും കെട്ടി നോക്കി നില്‍ക്കുകയാണെന്ന് ജസ്റ്റീസ് ബി. കെമാല്‍ പാഷ പറഞ്ഞു. സുപ്രീംകോടതിയില്‍ വിശ്വാസമില്ലാതായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജനിച്ച നാട്ടില്‍ അന്യരോ?’ എന്ന പേരില്‍ നെട്ടൂര്‍ മഹല്ല് മുസ്‌ലിം ജമാഅത്ത്, കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ